ചിറയിൻകീഴ്: വക്കത്ത് ഇന്നലെ വൈകിട്ടു വീടിനു മുന്നിൽ കളിച്ചുകൊണ്ടു നിൽക്കുകയായിരുന്ന രണ്ടുകുട്ടികളിൽ ഒരാളെ തെരുവുനായ അക്രമിച്ചു പരുക്കേൽപ്പിച്ചു. ഗ്രാമപ്പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഇറങ്ങുകടവിനടുത്തു വാടയിൽവീട്ടിൽ അനൂപ്–അശ്വതി ദമ്പതികളുടെ മകൻ നാലുവയസ്സുള്ള ആദിത്യനാണു തെരുവുനായ ഗുരുതരമായി കടിച്ചു പരുക്കേൽപ്പിച്ചത്. വൈകിട്ടു അഞ്ചര മണിയോടെയാണു സംഭവം നടന്നത്. അനുജനോടൊപ്പം വീട്ടുമുറ്റത്തു കളിച്ചുകൊണ്ടു നിൽക്കുന്നതിനിടെ കുരച്ചുകൊണ്ടു പാഞ്ഞടുത്ത നായയിൽ നിന്നു രക്ഷപ്പെടാൻ നിലവിളിച്ചുകൊണ്ടു ഇരുവരും വീടിനകത്തേക്കു കയറിയെങ്കിലും പിന്നാലെയെത്തിയ നായ ആദിത്യനെ കടിച്ചുപറിക്കുകയായിരുന്നു. ഈ സമയം കുട്ടികളുടെ രക്ഷകർത്താക്കൾ സമീപത്തെ കടയിൽ പോയിരിക്കുകയായിരുന്നു.ദേഹമാസകലം കടിയേറ്റ കുട്ടിയെ സമീപവാസികളെത്തിയാണു നായയിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെടുത്തിയത്. തുടർന്നു വീടിനു അടുത്തുള്ള വക്കം ഗവൺമെന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്കുകൾ ഗുരുതരമാണെന്നു കണ്ടെത്തിയതിനാൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിക്കാൻ ബന്ധപ്പെട്ടവർ നിർദേശം നൽകുകയായിരുന്നു.എന്നാൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കാവശ്യമായ മരുന്നും ഇൻജക്ഷൻ നൽകാനുള്ള വാക്സീനും ഇല്ലെന്നു പറഞ്ഞു രാത്രിയോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി ഗുരുതരനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.
