ചിറയിൻകീഴ്: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ തീരം ഇന്നലെ പ്രതിഷേധ വേലിയേറ്റത്തിൽ മണിക്കൂറുകളോളം സ്തംഭിച്ചു. വിഴിഞ്ഞം തുറമുഖ നിർമാണത്തിനാവശ്യമായ കരിങ്കൽ സാമഗ്രികളുമായെത്തിയ വാഹനങ്ങളെ തുറമുഖ കവാടത്തിൽ തടഞ്ഞുവച്ചതു മണിക്കൂറുകളോളം തീരത്തു സംഘർഷാവസ്ഥ ജനിപ്പിച്ചു. കഴിഞ്ഞ ദിവസം മുതൽ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പൊലീസ് സംരക്ഷണയിൽ പാറ കിളിമാനൂർ, നഗരൂർ പ്രദേശങ്ങളിൽ നിന്നു ലോറികളിൽ മുതലപ്പൊഴിയിലെ വാർഫുകളിലേക്കെത്തിക്കുന്നതു വീണ്ടും ആരംഭിച്ചിരുന്നു.10 മണിയോടെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ആദ്യ പ്രതിഷേധം. മുതലപ്പൊഴി തുറമുഖ തീരത്തെ അശാസ്ത്രീയമായ നിർമാണപ്രവൃത്തികൾ കണ്ടെത്തി പരിഹാരം കാണുക, മുതലപ്പൊഴിയിൽ അപകടത്തിൽപെട്ടു മരിച്ചവരുടെ ആശ്രിതർക്കു അർഹമായ നഷ്ടപരിഹാരം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു നടന്ന പ്രതിഷേധ സമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സുനിൽ പെരുമാതുറ ഉദ്ഘാടനം ചെയ്തു.
