പാറശാല: സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി മാല മോഷ്ടിച്ചതും ആശുപത്രി വരിയിൽ വയോധികയുടെ മാല കവർന്നതുമായ സംഭവങ്ങളിൽ റിമാൻഡിൽ കഴിയുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇവരെ ജ്വല്ലറിയിലെത്തിച്ചു തെളിവെടുത്തു. ചെന്നൈ ടീ നഗർ സ്വദേശി പൂജ (35)യെയാണ് കഴിഞ്ഞദിവസം പാറശാല പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. ഒന്നാം ഒാണത്തിന്റെ തലേന്ന് പാറശാല ജംക്ഷനിലെ ജ്വല്ലറിയിൽ ആണ് കവർച്ച നടത്തിയത്.കമ്മൽ ആവശ്യപ്പെട്ട് എത്തിയ മൂന്നു സ്ത്രീകളിൽ ഒരാൾ ജീവനക്കാരന്റെ ശ്രദ്ധ തിരിച്ചപ്പോഴാണ് പൂജ ഷെൽഫിൽ സൂക്ഷിച്ചിരുന്ന ആഭരണം കവർന്നത്. പിന്നീട് അൽപ സമയം കൂടി ജ്വല്ലറിയിൽ ചെലവിട്ട ഇവർ മോഡൽ ഇഷ്ടമായില്ലെന്നു പറഞ്ഞ് മടങ്ങുകയായിരുന്നു. ഷെൽഫിൽ സൂക്ഷിച്ചിരുന്ന മാല കാണാതായതിനെ തുടർന്ന് സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്.
