തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ രാവിലെ നടക്കാനെത്തിയ സ്ത്രീയെ കടന്നു പിടിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 4. 40 ഓടെയാണ് സംഭവം. കാറിലെത്തിയ ആളാണ് സ്ത്രീയെ ആക്രമിച്ചത്. അക്രമിച്ച ആളുടെ പിന്നാലെ സ്ത്രീ ഓടിയെങ്കിലും പിടികൂടാനായില്ല.
ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ ആക്രമിച്ച ആളാരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പരാതി നല്‍കിയിട്ടും പൊലിസ് നടപടിയെടുത്തില്ലെന്ന് യുവതി ആരോപിക്കുന്നു.
പതിവുപോലെ നടക്കാന്‍ പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണം നടന്നതെന്ന് യുവതി പറയുന്നു. പിന്നാലെ ഓടിയെങ്കിലും പ്രതി 10 മീറ്ററോളം ഓടി മതില് ചാടി രക്ഷപ്പെടുകയായിരുന്നു. ഈ സമയത്ത് സെക്യൂരിറ്റിക്കാരനെ വിവരമറിച്ചു. അദ്ദേഹം മ്യൂസിയം പൊലിസിനെ വിവരമറിയിക്കുകയും ചെയ്തു. യുവതി പറയുന്നു.
പൊലിസ് എത്താന്‍ വൈകിയെന്നും യുവതി കുറ്റപ്പെടുത്തുന്നു. പ്രതി ഏഴുമിനിറ്റ് മ്യൂസിയത്തിനകത്ത് ഒളിച്ചിരുന്നെന്നും അത് കഴിഞ്ഞാണ് പുറത്തേക്ക് പോയത്. പ്രതി ഒളിച്ചിരിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടും പൊലിസ് കാര്യമാക്കിയില്ലെന്നും യുവതി ആരോപിക്കുന്നു. സി.സി.ടി.വി കാമറയെ കുറിച്ച് ചോദിച്ചെങ്കിലും ലൈവ് മാത്രമേയൊള്ളൂ റെക്കോര്‍ഡിങ് ഇല്ല എന്നാണ് പൊലിസ് നല്കിയ മറുപടിയെന്നും യുവതി പറയുന്നു.
