തിരുവനന്തപുരം: വാഹനാപകടത്തെ തുടർന്നു ശ്വാസകോശത്തിൽ കുടുങ്ങിയ പല്ല് ഫിസിയോ തെറപ്പിയിലൂടെ പുറത്തെടുത്ത മികവിനു ദേശീയ അംഗീകാരം. രണ്ടു വർഷം മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗം ഫിസിയോ ഇൻ ചാർജ് ബിനു ജയിംസിന്റെ നേതൃത്വത്തിലാണ് ഇതു ചെയ്തത്. അതു സംബന്ധിച്ച പേപ്പർ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറപ്പിസ്റ്റ്സ് ദേശീയ കോൺഫറൻസിൽ പുരസ്കാരം നേടി. 2020 സെപ്റ്റംബർ 14 ന് അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിലെത്തിച്ച 61 വയസ്സുകാരന്റെ ശ്വാസകോശത്തിന്റെ എക്സ്റേ പരിശോധനയിലാണു രോഗിയുടെ തന്നെ പല്ല് കുടുങ്ങിക്കിടക്കുന്നതു കണ്ടെത്തിയത്. കാർഡിയോ തൊറാസിക് വിദഗ്ധരുടെ നേതൃത്വത്തിൽ ശ്വാസകോശത്തിൽ കുഴൽ കയറ്റിയുള്ള ബ്രോങ്കോസ്കോപി പരീക്ഷിച്ചെങ്കിലും പുറത്തെടുക്കാനായില്ല. മൂന്നാഴ്ചയ്ക്കു ശേഷം ശ്വാസകോശം തുറന്നുള്ള തൊറാക്കോട്ടമി ശസ്ത്രക്രിയ നടത്താനിരിക്കെ അതിന്റെ തലേന്നു ഫിസിയോ തെറപ്പിയിലൂടെ പല്ല് പുറത്തെടുത്തു. ‘‘രോഗിയുടെ ശ്വാസകോശത്തിന്റെ ത്രിമാന രൂപരേഖ തയാറാക്കിയപ്പോൾ പല്ല് ശ്വാസകോശത്തിന്റെ പിൻഭാഗത്താണെന്നു മനസ്സിലായി. തുടർന്ന് ചെസ്റ്റ് വൈബ്രേറ്റർ എന്ന ഉപകരണത്തിന്റെ സഹായത്തോടെ 20 മിനിറ്റ് കൊണ്ടാണു പല്ല് പുറത്തെടുത്തത്. ആന്തരികാവയവങ്ങളിൽ കുടുങ്ങുന്ന വസ്തുക്കൾ ഫിസിയോതെറപ്പിയിലൂടെ പുറത്തെടുക്കുന്നത് അപൂർവമാണ്’’– ബിനു ജയിംസ് പറഞ്ഞു. പൂവാർ സ്വദേശിയായ രോഗി ആരോഗ്യം വീണ്ടെടുത്ത് ഇപ്പോൾ തൊഴിൽ ചെയ്യുന്നുണ്ട്.
