കാട്ടാക്കട: സിപിഎം കാട്ടാക്കട ഏരിയ സെക്രട്ടറി കെ.ഗിരിയുടെ വീടിനു നേരെ കല്ലെറിഞ്ഞു. മൈലോട്ടുമൂഴി കനാലിനു സമീപം പത്മസരം വീടിനു നേരെയാണ് ആക്രമണം. വീട്ടുകാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മുൻഭാഗത്തെ ജനാല ചില്ലുകൾ തകർന്നു. ചില്ല് തകർത്ത് വീടിനുള്ളിലേക്ക് കല്ല് പതിച്ചു. പുലർച്ചെ 3 മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞ് കടന്നുകളഞ്ഞു. ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.
ആനാകോട് കോവിൽവിള പ്രദേശത്ത് കുറെ നാൾ മുൻപ് സിപിഎം–ഡിവൈഎഫ്ഐ സംഘടനകളുടെ കൊടിമരവും കൊടികളും അക്രമികൾ നശിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് തന്റെ വീടിനു നേരെ ഉണ്ടായ ആക്രമണമെന്നു ഏരിയാ സെക്രട്ടറി കെ.ഗിരി പറഞ്ഞു. കോവിൽവിളയിൽ 27ന് ഡിവൈഎഫ്ഐ പതാക യും ബോർഡും അക്രമികൾ കത്തിച്ചു. ആനാകോട് ഡിവൈഎഫ്ഐ യൂണിറ്റ് രൂപീകരണ ദിവസം തന്നെ രാത്രി കൊടിമരവും പതാകയും ബോർഡും നശിപ്പിച്ചു. ഇതിന്റെ പിന്നിൽ ആർഎസ്എസ് ആണെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു. ഇത്രയും പ്രകോപനം സൃഷ്ടിച്ചിട്ടും തങ്ങളുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായില്ല.
