തിരുവനന്തപുരം: മുൻ എംഎൽഎയും സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗവുമായ വെങ്ങാനൂർ പി.ഭാസ്കരൻ (81) അന്തരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിള ‘കുമാർ കോട്ടേജി’ൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. 1996 ൽ നേമം മണ്ഡലത്തിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2 തവണ ഇതേ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 91ൽ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ കോട്ടുകാൽ ഡിവിഷനിൽ നിന്നു വിജയിച്ചു. വെങ്ങാനൂർ പഞ്ചായത്ത് മുൻ പ്രസിഡന്റാണ്. കേരള കർഷക സംഘം ജില്ലാ പ്രസിഡന്റ്, സിപിഎം ഏരിയ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. അനാരോഗ്യം കാരണം കഴിഞ്ഞ സമ്മേളനത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവായി. നിലവിൽ വെങ്ങാനൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. പള്ളിച്ചൽ ഇടക്കോട് വാറുവിളാകത്ത് പരേതരായ കെ.പത്മനാഭൻ–കമലാക്ഷി ദമ്പതികളുടെ മകനാണ്.
