വിഴിഞ്ഞം: തുറമുഖ കവാടത്തിൽ അതിരൂപത നടത്തുന്ന സമര പന്തലിന് സംരക്ഷണം നൽകുകയാണ് പൊലീസ് ചെയ്യുന്നതെന്ന് പ്രാദേശിക ജനകീയ കൂട്ടായ്മ ആരോപിച്ചു. പണി തുടരുന്നതിന് പൊലീസ് സംരക്ഷണം നൽകണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും പാലിക്കുന്നില്ലെന്നും കൂട്ടായ്മ ആരോപിച്ചു. ഇന്നലെ അദാനി തുറമുഖ കമ്പനിയുടെ ലോറികൾ കല്ലെടുക്കാനായി പുറത്തേക്ക് പോകാൻ ശ്രമിച്ചു എങ്കിലും പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു എന്ന് കൂട്ടായ്മ പരാതിപ്പെട്ടു.
അതിരൂപതയുടെ സമരത്തിൽ പ്രതിഷേധിച്ച് പ്രാദേശിക ജനകീയ കൂട്ടായ്മ ഇന്നലെ നടത്തിയ സമരം നാഗർ ക്ഷേത്രം ചെയർമാൻ തോട്ടം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം വിഎസ്ഡിപി ജില്ലാ പ്രസിഡന്റ് സുദേവൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സി. ഓമന, വെങ്ങാനൂർ ഗോപകുമാർ, മുക്കോല സന്തോഷ്, സഞ്ചുലൻ എന്നിവർ പ്രസംഗിച്ചു. മുക്കോല നെല്ലിക്കുന്ന് പ്രദേശവാസികൾ അടക്കം നിരവധി പേർ ഐക്യ ദാർഢ്യം പ്രകടിപ്പിച്ച് സമര പന്തലിലെത്തി.
