വർക്കല: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ചു ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച സംഘത്തിലെ മൂന്നു പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൻചന്ത ചരുവിള വീട്ടിൽ സുരേഷ്(58), വെട്ടൂർ ചിനക്കര വീട്ടിൽ അൻസിൽ(18), കല്ലമ്പലം തോട്ടയ്ക്കാട് അമീൻ വില്ലയിൽ അബ്ദുൽ ഒഫൂർ(52) എന്നിവർക്കു പുറമേ പ്രായപൂർത്തിയാകാത്ത ആറു വിദ്യാർഥികളുമാണ് പൊലീസിന്റെ പിടിയിലായത്. വർക്കല റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതിനെ തുടർന്ന് ലഭിച്ച പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്. മൂന്ന് കേസുകളാണ് സമാന രീതിയിൽ വർക്കല സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തുകയും തുച്ഛമായ പണം നൽകി ഈ വാഹനങ്ങൾ വാങ്ങി പൊളിച്ചു വിൽക്കുകയും ചെയ്തു വരുന്ന സംഘമാണ് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. സ്റ്റേഷൻ പരിധിയിലെ മറ്റു രണ്ട് ബൈക്കുകൾ കൂടി പൊളിച്ചു വിറ്റിട്ടുണ്ട് ഇവർ. അബ്ദുൽ ഒഫൂർ ആണ് പൊളിച്ച ബൈക്കിന്റെ പാർട്സുകൾ വാങ്ങിയത്. റെയിൽവേ സ്റ്റേഷനിൽ നിന്നു കാണാതായ വാഹനത്തിന്റെ പാർട്സുകൾ പ്രതികളിൽ നിന്നു കണ്ടെടുത്തു.
