ബാലരാമപുരം: കരമന–കളിയിക്കാവിള ദേശീയപാതയിൽ ബാലരാമപുരം കൊടിനടയ്ക്ക് സമീപം കുട്ടികൾ അടക്കം അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ നടുറോഡിൽ അടിച്ചു തകർത്ത സംഭവത്തിൽ ശ്രീകാര്യം പൗഡിക്കോണം പാണവിള വലപ്പരിക്കോണം നക്ഷത്രയിൽ അജിത് കുമാർ(43), ഇദ്ദേഹത്തിന്റെ അമ്മാവൻ കല്ലിയൂർ പാപ്പനത്തേരി ഗൗരീരത്തിൽ ജയപ്രകാശ് ഗൗതമൻ(75) എന്നിവരെ റിമാൻഡ് ചെയ്തു. ശനിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് നാടിനെ നടുക്കിയ അക്രമം നടന്നത്.കോട്ടയം അയർകുന്നം തോപ്പിൽ ഹൗസിൽ ജോർജ് ജോസും ഭാര്യയും 8 വയസിന് താഴെ പ്രായമുള്ള 3 മക്കളും സഞ്ചരിച്ച കാർ അജിത് കുമാറിന്റെ കാറിൽ ഉരസിയെന്നാരോപിച്ച് കാറിന്റെ മുൻവശത്തെ ഗ്ലാസും ഡോർ ലോക്കും അജിത് കുമാർ കൈകൊണ്ട് അടിച്ചു പൊട്ടിക്കുകയായിരുന്നു. ഉരസിയ കാർ നിർത്താതെ പോയതാണ് പ്രകോപനമായത്. ഇതിൽ ഇയാളുടെ കൈയ്ക്ക് മുറിവുണ്ട്. ഇതുകണ്ട നാട്ടുകാർ ഓടിക്കൂടിയതോടെയാണ് രംഗം ശാന്തമായത്.
