തിരുവനന്തപുരം:തിരുവനന്തപുരം നഗരസഭയിലെ താത്കാലിക ഒഴിവുകളിലേക്കുള്ള നിയമനത്തിന് പാര്‍ട്ടിക്കാരുടെ പട്ടിക ചോദിച്ച് മേയര്‍ കത്ത് നല്‍കിയെന്ന വിവാദത്തില്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയതായി സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്.ക്രൈംബ്രാഞ്ചിനു നേരിട്ടാണ് മൊഴി നല്‍കിയതെന്നും പൊലീസിനു നല്കിയ മൊഴിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ആനാവൂര്‍ നാഗപ്പന് പ്രതികരിച്ചു.
കത്ത് വ്യാജമെന്ന് മേയര്‍ പറഞ്ഞിട്ടുള്ളതാണ്, ഈ വിഷയത്തില്‍ തനിക്കു പറയാനുള്ളത് ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞ ആനാവൂര്‍, മേയര്‍ രാജി വെക്കേണ്ടതില്ലെന്ന നിലപാട് ആവര്‍ത്തിച്ചു.
കത്തിന്റെ പേരില്‍ ജീവനക്കാരെ പോലും പ്രവേശിപ്പിക്കാതെയാണ് പ്രതിപക്ഷം കോര്‍പ്പറേഷനില്‍ സമരം ചെയ്യുന്നത്. എല്‍.ഡി.എഫ് ഇതുപോലെ ഒരുകാലത്തും സമരം ചെയ്തിട്ടില്ല. വിവാദത്തില്‍ സി.പി.എം അന്വേഷണം ഉടനുണ്ടാകും. നടപടി വേണോ എന്നതില്‍ അന്വേഷണത്തിനു ശേഷമേ പറയാനാവൂ എന്നും ആനാവൂര്‍ കൂട്ടിച്ചേര്‍ത്തു.
