ചിറയിൻകീഴ്: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ മുഖ്യ വാണിജ്യകേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ചെക്കാലവിളാകം– മീരാൻകടവ് പാതയിലുടലെടുത്തിട്ടുള്ള വെള്ളക്കെട്ട് വാഹനയാത്രികർക്കും വാണിജ്യകേന്ദ്രത്തിലെത്തുന്നവർക്കും വ്യാപക ദുരിതങ്ങൾക്കു വഴിയൊരുക്കുന്നു. താഴ്ന്ന പ്രദേശമായ ഇവിടെ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്നും പാതയോരങ്ങളിലെ ഓടകളിലൂടെ ഒലിച്ചുവരുന്ന മഴവെള്ളവും ഒപ്പം മാലിന്യങ്ങളും അടിഞ്ഞുകൂടിയാണു ആരോഗ്യപ്രശ്നങ്ങളുൾപ്പെടെയുള്ള വിപത്തുകൾക്കിടയാക്കിയിരിക്കുന്നത്.മീരാൻകടവ് പാലത്തിനും ചെക്കാലവിളാകം ജംക്ഷനും ഇടയ്ക്കുള്ള അരക്കിലോമീറ്ററിനു താഴെവരുന്ന പാതയിലാണു ഓടയിലാകമാനം മാലിന്യങ്ങൾ നിറഞ്ഞു റോഡാകെ കുളമായി മാറിയിരിക്കുന്നത്. മാസങ്ങളായി മലിനജലം കെട്ടിനിന്നു പാതയിലെ ടാറിംങ് പൊട്ടിപ്പൊളിഞ്ഞു വൻകുഴികളായി രൂപപ്പെട്ടിട്ടുള്ളതു ഇവിടെ ഇരുചക്രവാഹനയാത്രികർക്കു മരണക്കെണിയൊരുക്കിയിട്ടു മാസങ്ങൾ പിന്നിടുകയാണ്. നിലവിൽ ചെക്കാലവിളാകം ജംക്ഷനോടു ചേർന്നു പ്രവർത്തിച്ചുവന്നിരുന്ന പൊതുചന്ത അറ്റകുറ്റപണികൾക്കായി അടച്ചിട്ടിരിക്കുന്നതുമൂലം മൽസ്യമടക്കം വിപണനം നടന്നുവരുന്നതു ഇതേ പാതയുടെ രണ്ടുവശങ്ങൾ കേന്ദ്രീകരിച്ചാണ്.
