January 15, 2026

എം എം ഹസ്സന്റെ ആത്മകഥ ‘ഓര്‍മ്മചെപ്പിന്റെ ‘രണ്ടാം പതിപ്പ് ഷാര്‍ജ പുസ്തക മേളയില്‍ പ്രകാശനം ചെയ്തു

ഷാര്‍ജ : രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായി നല്ല ബന്ധങ്ങള്‍ കാത്തു സൂക്ഷിയ്ക്കുന്ന വ്യക്തിത്വമാണ് എം എം ഹസ്സനെന്ന് പ്രമുഖ വ്യവസായിയും നോര്‍ക്ക-റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ എം എ യൂസഫലി പറഞ്ഞു. എല്ലാ രാഷ്ട്രീയ നേതാക്കളുമായും നല്ല ബന്ധമുള്ളവരുടെ എണ്ണം കുറഞ്ഞു വരുന്ന പുതിയ കാലത്താണ് , ഹസ്സന്‍ വ്യത്യസ്തനാകുന്നതെന്നും യൂസഫലി പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്റെ ആത്മകഥയായ ‘ഓര്‍മ്മചെപ്പിന്റെ’ രണ്ടാംപതിപ്പ് , പുസ്തക പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ കൂടിയായ എം എ യൂസഫലി.

പൊതുരംഗത്തും രാഷ്ട്രീയ രംഗത്തുമുള്ള അരനൂറ്റാണ്ടിലേറെക്കാലത്തെ ഓര്‍മ്മകളും അനുഭവങ്ങളുമാണ് ഓര്‍മ്മച്ചെപ്പ് എന്ന ഈ പുസ്തകത്തിലൂടെ താന്‍ എഴുതിയതെന്ന് എം എം ഹസ്സന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. പ്രവാസികളുമായി എക്കാലത്തും നല്ല സൗഹൃദം നിലനിര്‍ത്തിയിരുന്നു. അതിനാല്‍ കൂടിയാണ് ആത്മകഥയുടെ രണ്ടാം പതിപ്പ് പ്രവാസ ലോകത്തെ ഈ അക്ഷരമണ്ണില്‍ പ്രകാശനം ചെയ്യപ്പെടണമെന്ന് ആഗ്രഹിച്ചതെന്നും കേരള ചരിത്രത്തിലെ ആദ്യത്തെ പ്രവാസികാര്യ മന്ത്രി കൂടിയായിരുന്ന എം എം ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വക്കേറ്റ് വൈ എ റഹിം ആദ്യ കോപി ഏറ്റുവാങ്ങി. ഗള്‍ഫിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജയ്ഹിന്ദ് ടി വി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ മേധാവിയുമായ എല്‍വിസ് ചുമ്മാര്‍ പുസ്തകം പരിചയപ്പെടുത്തി. ഇത് സ്‌നേഹത്തിന്റെ പുസ്തകമാണെന്ന്, അവതാരിക എഴുതിയ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ ടി പത്മനാഭന്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം ആര്‍ തമ്പാന്‍, ജയ്ഹിന്ദ് ടി വി ചെയര്‍മാന്‍ അനിയന്‍കുട്ടി, ഷാര്‍ജ ഗവര്‍മെന്റിലെ പ്രോട്ടോകോള്‍ ഓഫീസര്‍ ബദര്‍ മുഹമ്മദ് അല്‍ സാബി , ഇന്‍കാസ് യുഎഇ പ്രസിഡണ്ട് മഹാദേവന്‍ വാഴശേരില്‍, കെ എം സി സി പ്രതിനിധിയും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി വി നസീര്‍ എന്നിവര്‍ സംസാരിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാര്‍ സ്വാഗതവും എം എം ഹസ്സന്റെ മകള്‍ നിഷ ഹസ്സന്‍ നന്ദിയും പറഞ്ഞു. മുന്‍ മുഖ്യമന്ത്രിമാരായ എ കെ ആന്റണി , ഉമ്മന്‍ചാണ്ടി, നടന്‍ മോഹന്‍ലാല്‍, ഡോ. ശശി തരൂര്‍ എം പി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി എന്നിവര്‍ പുസ്തകത്തിന് വീഡിയോ വഴി ആശംസകള്‍ നേര്‍ന്നു. ഡിസി ബുക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.

Leave a Reply

Your email address will not be published. Required fields are marked *