പാലോട്: രണ്ടു പെൺ മക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പെരിങ്ങമ്മല സ്വദേശി 48കാരന് 17 വർഷം കഠിനതടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അത്യപൂർവമായ കേസാണിതെന്ന് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ (പോക്സോ)കോടതി ജഡ്ജി കെ.പി. സുനിൽ വിലയിരുത്തി..പതിനൊന്നും പതിനാലും വയസ്സുള്ള മക്കളെ പ്രതി ബാല്യകാലം മുതൽ പല തവണയായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നാണു പരാതി.ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെ കുട്ടികളുടെ അമ്മ നേരത്തെ ഉപേക്ഷിച്ചു പോയി. പിന്നീട് കുട്ടികൾ അനാഥാലയത്തിലാണു വളർന്നത്. ഇവർ അവധിക്കു വീട്ടിൽ വരുമ്പോഴെല്ലാം പ്രതി പീഡിപ്പിക്കുമായിരുന്നെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഇത് സ്ഥിരം ആയപ്പോൾ കുട്ടികൾ വീട്ടിലേക്ക് വരാതെയായി. ഇതു സംബന്ധിച്ച് അനാഥാലയത്തിലെ അധികൃതരോട് കുട്ടികൾ പറഞ്ഞതോടെയാണ് ഈ പീഡന വിവരം പുറത്തറിയുന്നത്. രണ്ട് കേസുകളായാണ് ചാർജ് ചെയ്തിട്ടുള്ളത്. ഒരു കേസിൽ 13 സാക്ഷികളെ വിസ്തരിച്ചു 15 രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി.
