ചിറയിൻകീഴ്: കിഴുവിലത്ത് തെരുവുനായ് ശല്യം അമർച്ച ചെയ്യാൻ നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് പ്രവർത്തകർ ഗ്രാമപഞ്ചായത്തു സെക്രട്ടറിയെ ഓഫിസിൽ ഉപരോധിച്ചു. അലഞ്ഞുതിരിയുന്ന നായ്ക്കളുടെ അക്രമത്തിൽ സ്കൂൾ വിദ്യാർഥിനിക്കുൾപ്പെടെ മാരകമായി കടിയേൽക്കുകയും ഗ്രാമപഞ്ചായത്തിലെ തെരുവോരങ്ങളിലും ഇടറോഡുകളിലും നായ്ക്കളെ പേടിച്ചു നടന്നുപോകാൻ കഴിയാത്ത സാഹചര്യം സംജാതമായിട്ടു മാസങ്ങളായെങ്കിലും നടപടിയെടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധസമരം. വളർത്തുമൃഗങ്ങളെയടക്കം തെരുവുനായ്ക്കളുടെ അക്രമം ഭയന്നു പുറത്തിറക്കാൻ കഴിയുന്നില്ലെന്നും സമരക്കാർ ആരോപിക്കുന്നു. നിലവിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു സ്ത്രീകളും കുട്ടികളുമടക്കം ഒരു ഡസനിലേറെപ്പേർ തെരുവുനായ്ക്കളുടെ കടിയേറ്റു ചികിൽസയിൽ കഴിഞ്ഞുവരുന്നതായി പ്രവർത്തകർ പരാതി ഉയർത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.വിശ്വനാഥൻനായർ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുകിഴുവിലത്തിന്റെ നേതൃത്വത്തിൽ ഭാരവാഹികളായ കിഴുവിലം രാധാകൃഷ്ണൻ, ജെ.ശശി, പി.എ.റഹീം, എസ്.സിദ്ദിഖ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനന്തകൃഷ്ണൻനായർ, ജയന്തികൃഷ്ണ, മഹിള കോൺഗ്രസ് ബ്ലോക്ക് ജനറൽസെക്രട്ടറി ഷൈലജസത്യദേവൻ,താഹ, നൗഷാദ്, നന്ദകുമാർ, സത്യദേവൻ,സജീവ്ശശി എന്നിവർ പ്രസംഗിച്ചു.
