ചെറുന്നിയൂർ: പഞ്ചായത്തിലെ ഏറെ പഴക്കമുള്ള മൃഗാശുപത്രി ശോചനീയമായ അവസ്ഥയിലെന്നു പരാതി. പഴയൊരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആശുപത്രി അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം കൊണ്ട് വലയുകയാണ്. . 1959ൽ അനുവദിച്ചതാണ് കെട്ടിടം. പിന്നീട് മൃഗസംരക്ഷണ വകുപ്പിന് കൈമാറ്റം ചെയ്തു. പുതിയൊരു കെട്ടിട നിർമാണത്തിനുള്ള സമയം അതിക്രമിച്ചിട്ടും ഇനിയും സാധ്യമായിട്ടില്ല. അറുപത് വർഷം പഴക്കമുള്ള കെട്ടിടത്തിന് പകരം പുതിയ നിർമാണത്തിന് പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ അനുമതിക്കു വേണ്ടി ബന്ധപ്പെട്ട വകുപ്പിന് ചെറുന്നിയൂർ പഞ്ചായത്ത് കൈമാറിയിട്ടും ഇതുവരെയും പ്രതികരണമില്ലെന്നാണ് ആക്ഷേപം. 20 സെന്റ് സ്ഥലത്ത് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിലവിൽ മൃഗങ്ങൾക്കായി ശസ്ത്രക്രിയ സൗകര്യമില്ല. സീനിയർ വെറ്ററിനറി സർജൻ ഉൾപ്പെടെ അഞ്ചു സ്റ്റാഫുകൾ പ്രവർത്തിക്കുന്നുണ്ട്. കാര്യമായ ഫർണിച്ചറുകൾ ലഭ്യമല്ല. ഫാനുകൾ പ്രവർത്തിക്കുന്നില്ല, ഇലക്ട്രിക് വയറിങ് സംവിധാന കാലപ്പഴക്കത്താൽ അപകടാവസ്ഥയിലാണ്. ദളവാപുരത്ത് സ്ഥിതി ചെയ്യുന്ന മൃഗാശുപത്രിയിലേക്കു വെട്ടൂർ, ഒറ്റൂർ, ചെമ്മരുതി, ഇടവ തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നും വളർത്തുമൃഗങ്ങളുമായി ആളുകൾ വരുന്നുണ്ട്.
