വർക്കല: ഓവർ ലോഡുമായി വന്ന മിനി ലോറി റോഡിൽ നിന്നു കുഴിയിലേക്ക് മറിഞ്ഞു ഡ്രൈവർ അടക്കം രണ്ടു പേർക്കു പരുക്കേറ്റു. കരിനിലക്കോട് കല്ലാഴി റോഡിൽ കുഴിവിളാകം ക്ഷേത്രത്തിന് സമീപം ഇന്നലെ 11.30 ഓടെയാണ് അപകടം സംഭവിച്ചത്. മുറിച്ച തെങ്ങു തടിയുമായി പോകവേ നിയന്ത്രണം തെറ്റി റോഡരികിലുള്ള ഏഴടിയോളം താഴ്ചയുള്ള ഭാഗത്തേക്കു മറിയുകയായിരുന്നു. ഡ്രൈവർ വെന്നിക്കോട് സ്വദേശി ലാജി(31), വർക്കല സ്വദേശി അരുൺ(21) എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കയറ്റം കയറവേ ലോറിയുടെ മുൻഭാഗം പൊങ്ങിയതോടെയാണ് നിയന്ത്രണം തെറ്റാൻ കാരണമായത്. മറിഞ്ഞ വാഹനത്തിൽ പുറത്തുകടക്കാനാവാതെ കുടുങ്ങിയ രണ്ടു പേരെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്. തുടർന്നു ഇരുവരെയും ഫയർഫോഴ്സ് ആംബുലൻസിൽ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. സാരമായി പരുക്കേറ്റ ലാജിയെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കു മാറ്റി.
