പാറശാല: അമിത വേഗത്തിൽ എത്തിയ കാർ ഡിവൈഡറിൽ ഇടിച്ച് രണ്ട് യാത്രക്കാർക്ക് പരുക്ക്. കാരോട്–മുക്കോല ബൈപാസിൽ അയിരക്കു സമീപം ഇന്നലെ രാവിലെ 11.00ന് ആണ് അപകടം. പരുക്കേറ്റ ചെങ്കവിള സ്വദേശികളായ രണ്ട് യുവാക്കൾ പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഭാഗങ്ങൾ ബൈപാസിൽ നിന്നു താഴെ സർവീസ് റോഡിലേക്ക് വരെ പതിച്ചു.നിർമാണം അവസാനഘട്ടത്തിൽ എത്തിയ ബൈപാസിൽ വാഹനങ്ങളുടെ അമിത വേഗം മൂലം അപകടങ്ങൾ വർധിച്ച് വരികയാണ്. പണി പൂർത്തിയായ ചെങ്കവിള മുതൽ പ്ലാമൂട്ടുക്കട വരെയുളള ഭാഗത്ത് കാർ, ബൈക്ക് റേസിങ് നടത്തുന്ന സംഘങ്ങളുടെ പാച്ചിൽ മൂലം സാധാരണ യാത്രികർ ഭയന്നാണ് വാഹനം ഒാടിക്കുന്നത്. ബൈപാസിലെ വിജനമായ പല ഭാഗത്തും ലഹരി വിൽപന സംഘങ്ങളും പിടിമുറുക്കിയിട്ടുണ്ട്.
