തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് റെയിൽവേ ലാൻഡ് ഡവലപ്മെന്റ് അതോറിറ്റി (ആർഎൽഡിഎ) തയാറാക്കിയ രൂപരേഖയിൽ യാത്രക്കാരുടെ സൗകര്യത്തിന് അനുസരിച്ചു മാറ്റങ്ങൾ വേണ്ടി വരുമെന്ന് റെയിൽവേ. രൂപരേഖ സംബന്ധിച്ച് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഡിവിഷനൽ റെയിൽവേ മാനേജരും ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് എൻജിനീയറും പരിശോധനയും ചർച്ചയും നടത്തിയ ശേഷമാണ് മാറ്റങ്ങൾ വേണമെന്നു നിർദേശിച്ചത്.രൂപരേഖയിലെ നിർദേശങ്ങൾ റെയിൽവേ സ്റ്റേഷനെ എങ്ങനെ ബാധിക്കുമെന്ന് പ്രിൻസിപ്പൽ ചീഫ് എൻജിനീയർ നേരിട്ടെത്തി പരിശോധിച്ചു. വാണിജ്യ സമുച്ചയം നിർമിക്കുമ്പോൾ യാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെ ബാധിക്കാത്ത വിധം മാറ്റം വരുത്തേണ്ടി വരും. പ്ലാറ്റ്ഫോമുകളെ തമ്മിൽ സുരക്ഷിതമായി ബന്ധിപ്പിച്ചുള്ള സൗകര്യങ്ങൾ വർധിപ്പിക്കണം. ഭാവിയിൽ കൂടുതൽ ട്രെയിനുകൾ ഒരേസമയം നിർത്തിയിടാനും സർവീസ് നടത്താനുമുള്ള സൗകര്യവും വേണം. അടുത്ത 40 വർഷം മുന്നിൽക്കണ്ടുള്ള നിർമാണമാണ് ഇനി ചെയ്യേണ്ടതെന്ന നിർദേശമാണ് റെയിൽവേ നൽകിയത്. കൂടുതൽ ചർച്ചകൾക്കു ശേഷം രൂപരേഖയിൽ മാറ്റം വരുത്തിയ ശേഷമേ നവീകരണ ജോലിയിലേക്കു കടക്കുകയുള്ളൂ.
