നെയ്യാറ്റിൻകര: സ്ത്രീ വേഷം ധരിച്ചെത്തി 2 ലക്ഷം രൂപയുടെ അലങ്കാര ചെടികൾ മോഷ്ടിച്ച കൊല്ലം ചവറ പുതുക്കാട് കീഴതിൽ മുടിയിൽ വീട്ടിൽ വിനീത് ക്ലീറ്റസിനെ (28) നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. അമരവിള നടൂർക്കൊല്ല മഞ്ചാംകുഴി വാസിനിയിൽ ജപമണിയുടെ ഭാര്യ വാസിനിഭായി വികസിപ്പിച്ചെടുത്ത ആന്തൂറിയം ചെടികളാണ്, ഒരു വർഷം മുൻപ് ഇയാൾ മോഷ്ടിച്ചത്.2011 നവംബറിനും 2012 ഓഗസ്റ്റിനും ഇടയിലാണ് പലപ്പോഴായി ചെടികൾ മോഷ്ടിച്ചത്. സിസിടിവി പരിശോധനയിൽ ഒരു സ്ത്രീയാണ് ചെടികൾ മോഷ്ടിക്കുന്നതെന്നു കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളെ ചുവടു പിടിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെയും ഇ കൊമേഴ്സ് സൈറ്റുകളിലൂടെയും ചെടികൾ വിൽപന നടത്തിയതു കണ്ടെത്തിയതാണ് വഴിത്തിരിവായത്. നെയ്യാറ്റിൻകര സിഐ: പ്രതാപ ചന്ദ്രന്റെ നേതൃത്വത്തിൽ എസ്.ഐ: ആർ.സജീവ്, എഎസ്ഐമാരായ സുരേഷ് കുമാർ, അജിത കുമാരി, സിപിഒ: എ.കെ.രതീഷ് തുടങ്ങിയവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
