കാട്ടാക്കട: വേനൽ തുടങ്ങിയതോടെ വനാതിർത്തികളിൽ ആനശല്യം പതിവ്. കോട്ടൂർ വനത്തിൽ ബുധനാഴ്ച രാവിലെ ജോലിക്ക് പോയ പുറം നാട്ടുകാരായ ബൈക്ക് യാത്രികരെ ആന ആക്രമിക്കാൻ ശ്രമിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിലത്ത് വീണ് ആര്യനാട് കൊക്കോട്ടേല ചെറിയാനക്കോട് വീട്ടിൽ സനൽകുമാർ(55) നു പരുക്കേറ്റു. ഇദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന കൊക്കോട്ടേല സ്വദേശി വിനോദ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിനു ആന കേടു വരുത്തി. മൂന്നാറ്റ് മുക്കിനു സമീപം കൊടുതി കളത്തിൽ വച്ചാണ് ആന ആക്രമിച്ചത്. വഴിയരികിലെ അടിക്കാട്ടിൽ നിന്നിരുന്ന ആന പെട്ടെന്ന് ഇവർക്ക് നേരെ ചാടിവീഴുകയായിരുന്നു.കോട്ടൂർ വനത്തിൽ 2 ആഴ്ചയായി കറങ്ങുന്ന ആനക്കൂട്ടത്തെ പേടിച്ച് ആദിവാസികൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും പരാതിയുണ്ട് . മൂന്നാറ്റ്മുക്ക് പാലമൂട് തുടങ്ങി മാങ്കോട്, ചോനംപാറ വരെയുള്ള പ്രദേശത്താണ് ആനക്കൂട്ടം സ്ഥിരമായി ഉള്ളതെന്ന് ആദിവാസികൾ പറയുന്നു. ഉൾ വനത്തിൽ ജല ക്ഷാമം നേരിട്ട് തുടങ്ങിയതാണ് വന്യമൃഗങ്ങൾ കാടിറങ്ങാൻ കാരണമെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. കഴിഞ്ഞ ആഴ്ച വൈകിട്ടോടെ സാധനങ്ങൾ വാങ്ങി ബൈക്കിൽ മടങ്ങിയ യുവാക്കളെ ആന ഓടിച്ചു. ഇവരുടെ ബൈക്ക് കുത്തി മറിച്ചു. മരുതംമൂട് വച്ചായിരുന്നു സംഭവം. കമലകം സെറ്റിൽമെന്റിലെ ശ്രീകുമാറിനു പരുക്കേറ്റു.
