വർക്കല: ഡി.ജെ പാർട്ടിയും മദ്യസൽക്കാരവും നടത്തിയ പാപനാശത്തെ റസ്റ്റാറന്റിൽ പോലീസ് റെയ്ഡ്. രണ്ട് ജീവനക്കാർ അറസ്റ്റിൽ. പാപനാശത്തെ ഹെലിപ്പാഡിൽ പ്രവർത്തിക്കുന്ന സാൻഫ്രാൻസിസ്കോ റസ്റ്റാറന്റിലാണ് നിയന്ത്രണങ്ങൾ പാലിക്കാതെയും നിയമവിരുദ്ധമായും ഡി.ജെ പാർട്ടിയും മദ്യസൽക്കാരവും നടന്നത്.വിവരം അറിഞ്ഞതിനെ തുടർന്ന് വർക്കല പോലീസ് റസ്റ്റാറന്റിൽ പരിശോധന നടത്തി 46 കുപ്പി ബിയറും ഒമ്പത് കുപ്പി വിദേശമദ്യവും അഞ്ച് ഗ്രാം കഞ്ചാവും പിടികൂടി.ഹിമാചൽ പ്രദേശ് സ്വദേശി ധരം ചന്ദ്, കാട്ടാക്കട പൂവച്ചൽ സ്വദേശി ഷിജിൻ എന്നിവരെ െപാലീസ് അറസ്റ്റ് ചെയ്തു. വർക്കല ഡിവൈ.എസ്.പി മാർട്ടിൻ സി.ജെക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വർക്കല എസ്.എച്ച്.ഒ സനോജിന്റെ നേതൃത്വത്തിൽ വർക്കല എസ്.ഐ അബ്ദുൽ ഹക്കീം, ഗ്രേഡ് എസ്.ഐ ഷാനവാസ്, എസ്.സി.പി.ഒമാരായ വിജു, ഷിജു, സി.പി.ഒമാരായ ബിനു ശ്രീദേവി, സുജിത്, നിജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
