ബാലരാമപുരം: കട അടയ്ക്കാൻ വൈകിയതു സംബന്ധിച്ച തർക്കത്തിനിടെ യുവാവിനെ ത്രാസിന്റെ പടിക്കട്ട കൊണ്ട് തലയ്ക്കടിച്ചു പരുക്കേൽപ്പിച്ച കേസിൽ വ്യാപാരിയും രണ്ടു ജീവനക്കാരും അറസ്റ്റിൽ. ഇതറിഞ്ഞെത്തിയ പൊലീസിനെയും പ്രതികൾ ആക്രമിച്ചു. ഇവരെ അകാരണമായി കേസിൽപ്പെടുത്തിയെന്നാരോപിച്ച് വ്യാപാരി സംഘടനകൾ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. തിങ്കളാഴ്ച രാത്രി 2 മണിയോടെ ബാലരാമപുരം ജംക്ഷനിലാണ് സംഭവം.ബാലരാമപുരം വണികർ തെരുവ് ലക്ഷം വീട് കോളനിയിൽ പി.ശ്രീകുമാറിനാണ്(49) തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. ബാലരാമപുരം എസ്ഐ പി.അജിത് കുമാർ, സിപിഒ സി.ശ്രീകാന്ത് എന്നീ പൊലീസുകാർക്കും പരുക്കേറ്റു.. ബാലരാമപുരം ജംക്ഷനിൽ പഴക്കട, ഹോട്ടൽ എന്നിവ നടത്തുന്ന ഐത്തിയൂർ റിയാസ് മൻസിലിൽ ബിനുഖാൻ (42), ഹോട്ടൽ ജീവനക്കാരായ തിരുനെൽവേലി സ്വദേശികളായ ശെൽവം(26), വീരൻ (25) എന്നിവരാണ് അറസ്റ്റിലായത്.
