എ.വി.സൈജു
മലയിൻകീഴ്: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ ജാമ്യം ലഭിക്കാൻ വ്യാജ രേഖ ചമച്ചെന്ന പരാതിയിൽ മലയിൻകീഴ് സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന എ.വി.സൈജു, റൈറ്റർ പ്രദീപ് എന്നിവർക്കെതിരെ മലയിൻകീഴ് പൊലീസ് കേസെടുത്തു. 2019ൽ മലയിൻകീഴ് സ്റ്റേഷനിൽ തന്നെ എസ്ഐ ആയിരുന്ന സൈജു വീടിന്റെ വാടകയുമായി ബന്ധപ്പെട്ട് പരാതി നൽകാൻ എത്തിയ വനിതാ ഡോക്ടറുമായി അടുപ്പത്തിലാകുകയായിരുന്നു.ഇത് മുതലെടുത്ത് പീഡിപ്പിക്കുകയും ലക്ഷങ്ങൾ കൈക്കലാക്കുകയും ചെയ്തു എന്നാണ് ഡോക്ടറുടെ പരാതി. കേസ് ക്രൈംബ്രാഞ്ചിന്റെ കീഴിലാണ്. ഇതിൽ മുൻകൂർ ജാമ്യം ലഭിക്കാനായി സൈജു വ്യാജ രേഖകൾ ചമച്ചു എന്നാരോപിച്ചു ഡോക്ടർ വീണ്ടും രംഗത്തെത്തി. ഡോക്ടർ പണം ആവശ്യപ്പെട്ടുഎന്ന തരത്തിലുള്ള രേഖയാണ് മലയിൻകീഴ് സ്റ്റേഷനിലെ റൈറ്റർ പ്രദീപുമായി ചേർന്ന് സൈജു ഉണ്ടാക്കിയതെന്ന് പറയുന്നു. ഈ വിഷയത്തിൽ ഇരുവരെയും കഴിഞ്ഞ മാസം സസ്പെൻഡ് ചെയ്തെങ്കിലും കേസ് എടുത്തില്ല. റൂറൽ എസ്പിയുടെ ഉത്തരവിനെ തുടർന്നാണ് ഇപ്പോൾ കേസ് എടുത്തത്.
