തിരുവനന്തപുരം : സ്ത്രീകളുടെ ശബരിമലയും, ലക്ഷക്കണക്കിന് ആൾക്കാർ പൊങ്കാല സമർപ്പിക്കാൻ എത്തുന്ന ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം തുടങ്ങാൻ ഇനി വെറും 13 ദിനങ്ങൾ മാത്രം ശേഷിക്കേ ആറ്റുകാൽ ഭാഗത്തു കൂടി ഒഴുകുന്ന കിള്ളിയാറിന്റെ അവസ്ഥ വളരെ പരിതാപകരം . കിള്ളിയാറിൽ മലിന ജലം പച്ച നിറത്തിലും, ചിലയിടങ്ങളിൽ നീല നിറത്തിലും ആണ് കാണപ്പെടുന്നത്. പായൽ പിടിച്ചു പ്ലാസ്റ്റിക്, മറ്റു ചപ്പു ചവർ മാലിന്യങ്ങളും, പലയിടങ്ങളിൽ നിന്നും ഒഴുകുന്ന ഡ്രൈയിനെജ് കലർന്ന വെള്ളമാണ് നിറഞ്ഞു നിൽക്കുന്നത്. ആറിലേക്കുള്ള പടവുകൾ മുഴുവനും മാലിന്യങ്ങൾ കൊണ്ടു നിറഞ്ഞു ദുർഗന്ധം വമിക്കുന്നു.മനുഷ്യ വിസർജ്യമടക്കമുള്ള ഡ്രൈനേkജ് പലയിടങ്ങളിലും ആറ്റിലേക്കു രഹസ്യം ആയി തുറന്നു വിട്ടു വെള്ളം മുഴുവനും മലിനമായിട്ടുണ്ട്. അധികൃതർ പൊങ്കാലയോട് അനുബന്ധിച്ചു എല്ലാം ശരിയാക്കും എന്നത് വെറും കടലാസ്സിൽ മാത്രം ഒതുക്കിയെന്നു കിള്ളിയാറിന്റെ കര പ്രദേശങ്ങൾ കാണുമ്പോൾ മനസ്സിൽ ആകും.കിള്ളിയാർ മറ്റൊരു “കാളിന്ദി “ആയി മാറിയിരിക്കുന്നു. കൂടാതെ നെടുങ്കാട് നിന്നും ആറ്റുകാലിൽ എത്തുന്നതിന് ഉള്ള പാലം കയറി വരുന്ന പാടശ്ശേരി കീഴമ്പ് റോഡ് ഇന്ന് ഒരാൾക്ക് പോലും നടന്നു നീങ്ങാനാകാത്ത വിധം “വരമ്പു”മാത്രം ആയി തീർന്നിരിക്കുന്നു. ആയിരക്കണക്കിന് ആൾക്കാർ പൊങ്കാലക്കായി വന്നു പോകുന്ന സ്ഥലം മുഴുവനും ചപ്പു ചവറുകൾ, അറവു മാലിന്യങ്ങൾ എന്നിവ ചാക്കിൽ കൊണ്ടിട്ടു പ്രദേശം മുഴുവനും ദുർഗന്ധം വമിക്കുന്ന തരത്തിൽ മറ്റൊരു “മിനി വിളപ്പിൽ ശാല “ആക്കി മാറ്റിയിരി ക്കുകയാണ്.നഗരസഭ അധികൃതർ ഉൾപ്പെടെ ഉളളവർ അടിയന്തിരമായി ഇടപെട്ടു മലീമസമായി കിടക്കുന്ന പരിപാവനമായ കിള്ളിയാർ ശുചീകരിക്കാനും,കീഴമ്പു റോഡിലെ മാലിന്യ കൂമ്പാരം മാറ്റുന്നതിനുള്ള നടപടികളും എത്രയും വേഗം സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.



