വെഞ്ഞാറമൂട്: വീടിനുള്ളിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ കത്തിച്ച സംഭവത്തിൽ പ്രതികളെ 24 മണിക്കൂറിനുള്ളിൽ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല ഒറ്റൂർ വലിയവിള വീട്ടിൽ അനിൽകുമാർ(50), വർക്കല വെണ്ണിയോട് ചരുവിള വീട്ടിൽ രാജ്കുമാർ(39) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.വ്യാഴം പുലർച്ചെ 1.45നാണ് സംഭവം. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ മുരുക വിലാസത്തിൽ മുരുകന്റെ വീട്ടിലെ 2 കാറുകളാണ് കത്തിച്ചത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രണ്ടു പേർ എത്തിയാണ് കാർ കത്തിച്ചതെന്നു കണ്ടെത്തുന്നത്. വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും വിദേശത്തുള്ള മുരുകൻ പൊലീസിനു നൽകിയ സൂചനകളും മൊബൈൽ ടവർ കേന്ദ്രീകരിച്ച അന്വേഷണവുമാണ് പ്രതികളെ കണ്ടെത്താനായതെന്നു വെഞ്ഞാറമൂട് പൊലീസ് ഇൻസ്പെക്ടർ അനൂപ് കൃഷ്ണ പറഞ്ഞു. വിദേശത്തു വച്ച് മുരുകനും അനിൽകുമാറും തമ്മിലുണ്ടായ വാക്കു തർക്കത്തിനെത്തുടർന്നുണ്ടായ പ്രതികാരം കാരണമാണ് കാറുകൾ കത്തിച്ചതെന്ന് ഇന്നലെ തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ച പ്രതികൾ പൊലീസിനോടു പറഞ്ഞു. വ്യാഴാഴ്ച രാത്രി 11.30ന് അനിൽകുമാറിനെ വർക്കല നരിക്കല്ല് എന്ന സ്ഥലത്തു നിന്നു പിടികൂടിയതിനു ശേഷം രാജ്കുമാറിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസ് ഇൻസ്പെക്ടർ അനൂപ് കൃഷ്ണ, എസ്ഐമാരായ ഷാൻ, ഷാജി, എഎസ്ഐ ദിലീപ്, ഫിറോസ്, വിനീഷ്, അനൂപ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.
