പെരുമാതുറ :- തീരദേശ വാർഡുകൾ ഉൾപ്പെടുത്തി പെരുമാതുറ ഗ്രാമ പഞ്ചായത്ത് രൂപീകരിക്കണമെന്ന് ഇന്ത്യൻ നാഷ്ണൽ ലീഗ് (വഹാബ് പക്ഷം) ജില്ലാ പ്രസിഡൻ്റ് എം ബഷറുള്ള ആവശ്യപ്പെട്ടു. കഠിനംകുളം, അഴൂർ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തുകളിലെ 13 തീരദേശവാർഡുകൾ ഉൾപ്പെടുത്തി പഞ്ചായത്ത് രൂപീകരിക്കുന്നതോടെ തീരദേശ ഗ്രാമങ്ങളുടെ വികസന പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് വശവും ജലത്താൽ ചുറ്റപ്പെട്ട് ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്തെ ജനങ്ങൾ പഞ്ചായത്ത് ഓഫീസിൽ എത്തുന്നതിനുൾപ്പെടെ വളരെ പ്രയാസം നേരിടുന്നുണ്ട്. ജനസംഖ്യ വളരെ കൂടുതലുള്ള നിലവിലെ പഞ്ചായത്തുകളിൽ നിന്നും നൽകുന്ന അനുകൂല്യങ്ങളിൽ പലതും പേരിന് പോലും മത്സ്യതൊഴിലാളികളായ ഇവിടത്തെ സാധാരണക്കാർക്ക് ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യമാണ്. ടൂറിസത്തിന് അനന്തമായ സാഹചര്യമുള്ള പ്രദേശം പഞ്ചായത്ത് രൂപീകരിക്കുന്നതോടെ ടൂറിസം രംഗത്തും വളരെ വലിയ സംഭാവനകൾ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തീരദേശത്തിൻ്റെ വികസന മുന്നേറ്റത്തിനും അത്യന്താപേക്ഷിതമായ പെരുമാതുറ പഞ്ചായത്ത് അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്നാവിശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, തദ്ദേശവകുപ്പ് മന്ത്രിക്കും നിവേദനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

