ശ്രീകാര്യം (തിരുവനന്തപുരം): ഫോണിൽ നിരന്തരം അശ്ലീല കോളുകൾ വന്നതിനെ തുടർന്ന് ഉറവിടം സ്വന്തംനിലക്ക് അന്വേഷിച്ച് കണ്ടുപിടിച്ച് വീട്ടമ്മ. അഞ്ചുവർഷമായി തുടരുന്ന നിയമപോരാട്ടത്തിനിടെയാണ് തിരുവനന്തപുരത്തെ വീട്ടമ്മ പ്രതിയെ ശാസ്ത്രീയ സഹായത്തോടെ തിരിച്ചറിഞ്ഞത്.2018 മേയ് നാലിന് രാവിലെ ഒരു ഫോൺ കോൾ വന്നതാണ് സംഭവങ്ങളുടെ തുടക്കം. ഫോൺ എടുത്ത ഉടൻ തമിഴിൽ അശ്ലീല സംഭാഷണം തുടങ്ങി. പിന്നീട് നിരവധി കോളുകൾ വീട്ടമ്മയുടെ ഫോണിലേക്ക് വന്നു. ഇതിനിടയിൽ കൊല്ലം സ്വദേശിയായ ഒരു യുവാവ് വിളിച്ച കോളിലൂടെയാണ് വീട്ടമ്മ കാര്യങ്ങൾ അറിയുന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ നിങ്ങളുടെ നമ്പർ എഴുതിയിട്ടിണ്ടെന്നും അത് കണ്ടാണ് വിളിച്ചതെന്നും പറഞ്ഞ ആ യുവാവ് വാട്സ്ആപ്പിൽ ചിത്രം എടുത്ത് വീമ്മയ്ക്ക് അയച്ചു കൊടുത്തു.തുടർന്ന് അഞ്ചുവർഷമായി നിയമ പോരാട്ടത്തിലേർപ്പെട്ട വീട്ടമ്മ റെയിൽവേ സ്റ്റേഷൻ ശുചിമുറിയിൽ തന്റെ ഫോൺ നമ്പർ എഴുതിവെച്ച ആളെ സ്വന്തം നിലക്ക് കണ്ടെത്തി. വാട്സ്ആപ്പിൽ ലഭിച്ച ചിത്രത്തിലെ കൈയ്യക്ഷരം നല്ല പരിചയം തോന്നിയ വീട്ടമ്മ റസിഡൻസ് അസോസിയേഷൻ ഭാരവാഹി ആയിരുന്ന തൻറെ ഭർത്താവ് വീട്ടിൽ വച്ചിരുന്ന മിനിട്സ് ബുക്ക് പരിശോധിച്ചു. സൗത്ത് റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ എഴുതിയ അതേ കൈയ്യക്ഷരം ഈ പുസ്തകത്തിലും കണ്ടെത്തി.
