തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍നിന്ന് മൊബൈല്‍ ഫോണ്‍ കവര്‍ന്ന യുവാവിനെ അറസ്റ്റ് ചെയ്തു. പേരൂര്‍ക്കട മുട്ടട കിണവൂര്‍ പുലിയൂര്‍ക്കോണം സ്വദേശി വിഷ്ണുവിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ 15ാം വാര്‍ഡിനുള്ളിലെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന കൊട്ടാരക്കര ഭജനമഠം ആലുവിള വീട്ടില്‍ പൊടിയന്റെ മകന് യദുകൃഷ്ണന്റെ (24) ഫോണാണ് കവര്‍ന്നത്. ഏപ്രില്‍ 19ന് പുലര്‍ച്ച 1.30 ഓടെയായിരുന്നു സംഭവം. ചികിത്സയില്‍ കഴിയുകയായിരുന്ന അമ്മൂമ്മക്ക് കൂട്ടിരിക്കാന്‍ വന്നതായിരുന്നു യദുകൃഷ്ണന്. മെഡിക്കല്‍ കോളജ് സി.ഐ പി. ഹരിലാല്‍, എസ്.ഐമാരായ സി.പി. പ്രശാന്ത്, രാജീവ്, ഷാജി, എ.എസ്.ഐ സാദത്ത്, സി.പി.ഒമാരായ ബിജു, ഷൈജു, രതീഷ്, റീന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
