പാങ്ങോട്: സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപയുടെ സമ്മാനം ലഭിച്ച യുവാവ് സുഹൃത്തുക്കൾക്കുവേണ്ടി സൽക്കാരം നടത്തുന്നതിനിടയിൽ വീടിന്റെ മൺതിട്ടയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ വീണു പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. പാങ്ങോട് മതിര തൂറ്റിക്കൽ സജി വിലാസത്തിൽ സജീവ് (35) ആണു മരിച്ചത്. കഴിഞ്ഞ മാസം സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം സജീവിന്റെ അക്കൗണ്ടിലേക്ക് തുക എത്തി. ശനിയാഴ്ച രാത്രി 9ന് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രൻപിള്ളയുടെ വീട്ടിൽ ഇവർ ഒരുമിച്ചുകൂടി സൽക്കാരം നടത്തുകയായിരുന്നു. മുറ്റത്തുനിന്ന് ഒരു മീറ്റർ താഴ്ചയുള്ള റബർ തോട്ടത്തിലേക്കു വീണ സജീവിനു പരുക്കേൽക്കുകയും തളർച്ചയും ദേഹാസ്വാസ്ഥ്യവും ഉണ്ടാകുകയും ചെയ്തു. സുഹൃത്തുക്കൾ സഹോദരൻ സജിയെ വിവരമറിയിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ട് മരിച്ചു. മദ്യസൽക്കാരത്തിനിടെ സജീവിനെ കൂട്ടത്തിലുണ്ടായിരുന്ന സന്തോഷ് പിടിച്ചുതള്ളിയെന്നു മൊഴി ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറയുന്നു.
