ബാലരാമപുരം: അമ്പൂരി കുട്ടമല സ്വദേശി ബി.ശ്യാമളയെ(71) മകൻ ബിജുവിന്റെ മംഗലത്തുകോണം കാട്ടുനട ക്ഷേത്രത്തിന് സമീപത്തെ ബി.എസ്.ഭവൻ വീട്ടിലെ ശുചിമുറിയിൽ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. രക്തക്കറ പുരണ്ട കത്രികയും കത്തിയും വീട്ടിനുള്ളിൽ നിന്നു പൊലീസ് കണ്ടെത്തി. മോഷണശ്രമത്തിനിടെ സംഭവിച്ച കൊലപാതകമാണോ എന്നു പൊലീസ് സംശയിക്കുന്നു .ശ്യാമളയുടെ മാല മൃതദേഹത്തിൽ ഇല്ലായിരുന്നു. വീടിന്റെ വാതിലുകൾ അടച്ചിട്ട നിലയിലായിരുന്നു. മകൻ ബിജു, മരുമകൾ സജിത, ഇവരുടെ മകൻ അനന്ദു എന്നിവരാണ് സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത്. മൂന്നു പേരിൽ നിന്നും പൊലീസ് മൊഴിയെടുത്തു. ഇന്നലെ രാവിലെ ചായ കൊടുക്കാൻ എത്തിയ മരുമകൾ സജിതയാണ് കിടപ്പുമുറിയോട് ചേർന്ന ശുചിമുറിയിൽ രക്തം വാർന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇവർ കിടന്നിരുന്ന മുറി പൂട്ടിയിരുന്നില്ല. തുടർന്ന് ഫൊറൻസിക്, ഫിംഗർ പ്രിന്റ് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. റൂറൽ എസ്പി ശിൽപ ദേവയ്യയും സ്ഥലത്തെത്തി. വിദേശത്ത് ജോലിയുള്ള ബിജു കുറച്ചു ദിവസമായി നാട്ടിലുണ്ട്. മൃതദേഹം ഇന്നലെ വൈകിട്ടോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് 3 മക്കളാണുള്ളത്. മകൻ ദുഷ്യന്തന്റെ വീട്ടിൽ താമസിച്ചിരുന്ന ശ്യാമള കഴിഞ്ഞ ദിവസമാണ് കുട്ടമലയിൽ എത്തിയത്. മറ്റൊരു മകൻ മധു നേരത്തെ മരിച്ചു. ഭർത്താവ് പരേതനായ വാസുദേവൻ.
