തിരുവനന്തപുരം : ജില്ലയിൽ നടത്തിയ റെയ്ഡുകളിൽ 10 പേർ അറസ്റ്റിൽ,300 കിലോയോളം നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി.ആൾസെയിൻസ്, ബാലനഗർ, ശംഖുമുഖം ഭാഗത്ത് നടത്തിയ പരിശോധനയിൽ 25 ഗ്രാം എംഡിഎംഎ യുമായി പുത്തൻതോപ്പ് സ്വദേശി 18 വയസ്സുള്ള നോഹൻ നോബർട്ട്, 22 വയസ്സുള്ള അജിത്തിനേയും കെ എൽ – 2 2-Q- 1388 നമ്പർ അർബൻ ക്രൂയിസർ കാർ സഹിതം പിടികൂടി.
ഇവരിൽ നിന്നും എയർ പിസ്റ്റളും പെല്ലറ്റുകളും ഉള്‍പ്പെടെയുളള മാരകായുധങ്ങള്‍ പിടിച്ചെടുത്തു. ശംഖുംമുഖം, തിരുവനന്തപുരം സിറ്റി ആൾസയിൻ്റ്സ്, വേളി, വലിയതുറ, ഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനപ്പെട്ട കണ്ണികളാണ് പിടിയിലായവർ. പ്രതികൾക്ക് സാധനം എത്തിച്ചു കൊടുക്കുന്ന ആളിനെ കുറിച്ചുള്ള വിവരവും എക്സൈസിന് ലഭ്യമായിട്ടുണ്ട്. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ വി.ജി.സുനിൽകുമാറും പ്രിവന്റിവ് ഓഫിസർമാരായ അജയകുമാർ, പ്രേമനാഥൻ, ബിനുരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ ശരത്ത്, ദീപു, ജയശാന്ത്, ജ്യോതിലാൽ വനിത സിവിൽ എക്സൈസ് ഓഫീസർ അജിതകുമാരി തുടങ്ങിയവരും പങ്കെടുത്തു.
2.85 ഗ്രാം എം.ഡി.എം.എയുമായി നരുവാമൂട് ആർ.എസ് യൂപി സ്കൂളിന് സമീപത്തുനിന്നും 25 വയസ്സുളള നന്ദു എന്ന് വിളിക്കുന്ന അരുണ്മോഹനനെയും നെയ്യാറ്റിൻകര ഇടയ്ക്കോട് ചാട്ട്മുക്ക് ലെനിൻ കോളനി സ്വദേശി 25 വയസ്സുളള മനുവിനെയും അറസ്റ്റ്ചെയ്തു. പ്രാവച്ചമ്പലം, എസ്റ്റേറ്റ് റോഡ്, പാമാംകോട് ഭാഗങ്ങള്‍ കേന്ദീകരിച്ച് ലഹരി വിൽപ്പനനടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്ന് റെയിഡിന് നേതൃത്വം നൽകിയ എക്സൈസ് സർക്കിള്‍ ഇന്‍സ്പെക്ടർ ഷാജഹാൻ അറിയിച്ചു.
തൂങ്ങാംപാറ ഭാഗത്ത് നടത്തിയ പരിശോധനയിൽ 30 ഗ്രാം കഞ്ചാവുമായി തൂങ്ങാംപാറ സ്വദേശി അപ്പൂസ് എന്ന് വിളിക്കുന്ന ഉൻമേഷ് രാജിനേയും കാട്ടാക്കട അഭിരാമി ബാർ ഹോട്ടലിന് മുൻവശം വച്ച് ഒരു പൾസർ എൻഎസ് 200 ബൈക്കിൽ 20 ഗ്രാം കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടു വന്നതിന് കള്ളിക്കാട് മൈലക്കര സ്വദേശി ശ്രീരാജിനേയും അറസ്റ്റ് ചെയ്തു.

കുമിളി എക്സൈസ് പിടികൂടിയ എംഡിഎംഎ കേസിലെ പ്രതിയായ ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം വില്ലേജിൽ പറയത്ത്കോണം സമീറ മൻസിലിൽ ബദറുദീൻ മകൻ 34 വയസ്സുളള മുസീർ, നിരോധിത പുകയില ഉത്പന്നം വ്യാപകമായി സൂക്ഷിച്ചിരിക്കുന്നുവെന്ന് ആറ്റിങ്ങൽ സർക്കിള്‍ ഇൻസ്പെ്ടർ പി. എൽ ഷിബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ബി. സഹിർഷയും പാർട്ടിയും നടത്തിയ പരിശോധനയിൽ പ്രതിയുടെ വീടിനോട് ചേർന്നുളള കടമുറിയിൽ നിന്നും 285 കിലോയോളം പാന്‍മസാല പിടികൂടി. ഏകദേശം 15 കിലോ തൂക്കമുളള 19 ചാക്കുകളിലായിട്ടാണ് ചില്ലറവില്‍പ്പനയ്ക്കായി നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്.

