തിരുവനന്തപുരം: മൈനർ പെൺകുട്ടി ലൈംഗിക അതിക്രമത്തിന് വിധേയയായതിൽ വെച്ച് ഗർഭിണിയാവുകയും കുഞ്ഞിന് ജന്മം നൽകുകയും ചെയ്ത കേസിൽ പ്രതിയാക്കപ്പെട്ട ബന്ധുവായ യുവാവിനെ 17 വർഷം കഠിനതടവും, 1,00,000/- രൂപ പിഴ ശിക്ഷയും.സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ഡിസ്ട്രിക്ട് ജഡ്ജ് ടി പി പ്രഭാഷ് ലാൽ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. അഞ്ചുതെങ്ങ് സ്വദേശി ജോണി എന്ന് വിളിക്കുന്ന മുത്തപ്പൻ(39) എന്നയാളാണ് കേസിൽ കോടതി ശിക്ഷിച്ചത്. പ്രതിയുടെ മാതൃ സഹോദരീ പുത്രിയുടെ മകളാണ് കേസിലെ അതിജീവിത.കേസിൽ പ്രതിയാക്കപ്പെട്ടിരുന്ന അതിജീവിതയുടെ മാതാവ് മാതാവിന്റെ സുഹൃത്ത് എന്നിവരെ കുറ്റക്കാരല്ല എന്ന് കണ്ടു കോടതി വെറുതെ വിട്ടു. 2013 വർഷത്തിലാണ് കേസിനാസ്പദമായ സംഭവം.വിക്ടിമിന്റെ പിതാവ് ആശുപത്രി ചികിത്സയിൽ ആയിരിക്കവേ വീട്ടിൽ സഹായിയായി എത്തിയ ബന്ധു കൂടിയായ പ്രതി മൈനറായ അതിജീവിതയെ ഗർഭിണിയാക്കിയതിൽ വച്ച് അതിജീവിതയുടെ പിതൃ മാതാവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കഠിനംകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഡി എൻ എ റിപ്പോർട്ടിന്റെയും ശാസ്ത്രീയ പരിശോധനയുടെയും ഒക്കെ അടിസ്ഥാനത്തിൽ ബന്ധുവായ പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിക്കപ്പെട്ടത്. കേസിന്റെ അന്വേഷണ ഘട്ടത്തിൽ അതിജീവിതയ്ക്ക് ജനിച്ച കുഞ്ഞ് അമ്മത്തൊട്ടിലിൽ നിന്നും മദർ തെരേസ കോൺവെന്റിൽ എത്തുകയും തുടർന്ന് അന്വേഷണ ഘട്ടത്തിൽ ശേഖരിക്കപ്പെട്ട കുഞ്ഞിന്റെ രക്ത സാമ്പിളിൽ നിന്നും പ്രതിയുടെ രക്തസാമ്പിളിൽ നിന്നും ശേഖരിക്കപ്പെട്ട ഡി എൻ എ ഘടകങ്ങൾ വേർതിരിക്കപ്പെട്ട ശാസ്ത്രീയ പരിശോധനയിലൂടെ പിതൃ നിർണയം നടത്തിയതിൽ വച്ച് കുഞ്ഞിന്റെ പിതാവാണെന്ന ഡി എൻ എ ഫലം കേസിന്റെ വിചാരണവേളയിലെ നിർണായക തെളിവായി മാറുകയായിരുന്നു. സംഭവകാലത്ത് പെൺകുട്ടി മൈനർ അല്ലായിരുന്നു എന്ന് സ്ഥാപിക്കുന്നതിലേക്ക് പ്രതിഭാഗം ഉന്നയിച്ച വാദഗതികൾ നിലനിൽക്കുന്നതല്ല എന്ന് കണ്ടു കോടതി തള്ളി. അതിജീവിതയുടെ ജനന തീയതി തെളിയിക്കുന്നതിലേക്ക് സ്കൂൾ അഡ്മിഷൻ രേഖകൾ കോടതി നേരിട്ട് വിളിച്ചു വരുത്തുകയും പ്രഥമ അധ്യാപികയെ കോടതി ഭാഗം സാക്ഷിയായി വിസ്തരിക്കുകയും, രണ്ട് ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥരും ഉൾപ്പെടെ കൂടുതൽ സാക്ഷികളായി വിചാരണ ചെയ്യപ്പെടുകയും ചെയ്തു. മൈനർ പെൺകുട്ടി ഗർഭിണിയായത് സംബന്ധിച്ച് പിതാവിന്റെ മാതാവ് പോലീസ് മുമ്പാകെ മൊഴി നൽകി കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിൽ ആദ്യ പ്രതികളായി വന്നത് അതിജീവിതയുടെ മാതാവും സുഹൃത്തുമായിരുന്നു. തുടർന്ന് പോലീസ് അതിജീവിതയെ കണ്ടു വിശദമായ മൊഴി രേഖപ്പെടുത്തിയ വേളയിലാണ് അതിജീവിത ഗർഭിണിയാക്കപ്പെട്ടത് ബന്ധുവായ ജോണി എന്ന് വിളിക്കുന്ന മുത്തപ്പനിൽ നിന്നാണ് എന്ന് വ്യക്തമാക്കപ്പെട്ടത്. തുടർന്നാണ് ജോണി എന്ന മുത്തപ്പൻ ഒന്നാം പ്രതിയായും, മാതാവ്, മാതാവിന്റെ സുഹൃത്ത് എന്നിവർ യഥാക്രമം മൂന്നും രണ്ടും പ്രതികളായും വിചാരണ നേരിടേണ്ടി വന്ന വിധത്തിൽ പോലീസ് കോടതി മുമ്പാകെ കുറ്റപത്രം ഹാജരാക്കിയത്. മാതാവിന്റെ സഹായത്തോടുകൂടി ഒന്നും രണ്ടും പ്രതികൾ അതിജീവിതയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കി എന്നതായിരുന്നു പോലീസ് നൽകിയ കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. എന്നാൽ അതിജീവിത കോടതിയിൽ മൊഴി നൽകുന്ന സമയം ലൈംഗികാതിക്രമത്തിന് തന്നെ വിധേയനാക്കിയത് ജോണി എന്ന മുത്തപ്പൻ ആണെന്നും, ആയത് അമ്മയുടെ അറിവോടെ അല്ല എന്നും, അമ്മയുടെ സുഹൃത്ത് തന്നോട് യാതൊരുവിധ ലൈംഗിക അതിക്രമവും നടത്തിയിട്ടില്ല എന്നും മൊഴി നൽകുകയായിരുന്നു. തന്റെ മാതാപിതാക്കൾ തമ്മിൽ കുടുംബ പ്രശ്നങ്ങൾ നിലവിലുണ്ടായിരുന്നുവെന്നും അതിജീവിത കോടതി മുമ്പാകെ മൊഴി നൽകി. കേസിലെ ഒന്നാം പ്രതിയായ ജോണി എന്ന മുത്തപ്പനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ബലാൽസംഗം കുറ്റവും പോക്സോ നിയമത്തിലെ കഠിനതരമായ ലൈംഗിക അതിക്രമം എന്ന കുറ്റവും നിലനിൽക്കും എന്ന് കണ്ടെത്തിയ കോടതി ഇരു കുറ്റങ്ങൾക്കും വ്യത്യസ്ത ശിക്ഷ വിധിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് പ്രതിക്ക് ഏഴുവർഷം കഠിനതടവും 50,000/- രൂപ പിഴ ശിക്ഷയും വിധിച്ച കോടതി, പ്രതി പിഴ തുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ ഒരുവർഷം കൂടി അധിക കഠിനതടവ് അനുഭവിക്കണം എന്ന് ഉത്തരവിട്ടു. പോക്സോ നിയമപ്രകാരം കുറ്റക്കാരൻ എന്ന് കണ്ടെത്തിയ പ്രതിക്ക് പത്തുവർഷം കഠിനതടവും 50,000/- രൂപ പിഴ ശിക്ഷയുമാണ് കോടതി വിധിച്ചത്. പിഴ കെട്ടിവക്കാത്ത സാഹചര്യത്തിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും വ്യവസ്ഥയുണ്ട്. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നും വിചാരണ തടവുകാലം ശിക്ഷാ ഇളവിന് അർഹതയുണ്ടെന്നും വിധി ന്യായത്തിൽ ഉണ്ട്. കഠിനംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന തൻസീം അബ്ദുൽ സമദ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം നടത്തി ചാർജ് ഷീറ്റ് ഹാജരാക്കിയത് കടക്കാവൂർ സി ഐ ആയിരുന്ന ജി ബി മുകേഷ് ആണ്. പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകൾ തെളിവായി നൽകുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം മുഹസിൻ ഹാജരായി.
