വെഞ്ഞാറമൂട്: 30 അടിയോളം താഴ്ചയുള്ള മാലിന്യ കുഴിയിലകപ്പെട്ട വയോധികയെ അഗ്നിരക്ഷാസേനരക്ഷപ്പെടുത്തി. പുല്ലമ്പാറ മണ്ണയം പാലുവള്ളി തടത്തരികത്തുവീട്ടിൽ ലീലയാണ് (63) കുഴിയിൽ വീണത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ആസിഡ് കലർന്ന വെള്ളം ഒഴുക്കിവിടുന്നതിനായി നിർമിച്ച കുഴിയുടെ സ്ലാബിൽ കയറിയ ഇവർ അത് തകർന്ന് കുഴിയിൽ വീഴുകയായിരുന്നു. നാട്ടുകാർ ഇവരെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി വയോധികയെ പുറ ത്തെടുക്കുകയായിരുന്നു. വീഴ്ചയിൽ ചെറിയ പരിക്കുകളേറ്റ ഇവരെ അഗ്നിരക്ഷാസേന നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ ടി ജോർജിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നിസാറുദ്ദീൻ, ഫയർമാൻമാരായ ഗിരീഷ് കുമാർ, രഞ്ജിത്, ഷിബിൻ ഗിരീഷ്, നജി മോൻ, ഡ്രൈവർമാരായ ജയരാജ്, ഹാഷിർ, ഹോംഗാർഡുമാരായ അരുൺ എസ് കുറുപ്പ്, സനിൽ, മനോജ് കുമാർ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
