പോത്തൻകോട്: മുൻപ് മർദിച്ചതിന്റെ വൈരാഗ്യം തീർക്കാൻ നാലംഗസംഘം മംഗലപുരം തോന്നയ്ക്കൽ ഭൂദാന കോളനി ഷാനിഫാ മൻസിലിൽ നിന്നും അണ്ടൂർക്കോണം കുന്നുകാട് ഫിറോസ് മൻസിലിൽ താമസിക്കുന്ന എസ്. ഷാനവാസ് ( 29 ), സുഹൃത്ത് മഞ്ഞമല അറഫ മൻസിലിൽ അൽസാജ് (29 ) എന്നിവരെ വാളു കൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഷാനവാസിന്റെ സുഹൃത്ത് സാജിദ് ഓടി രക്ഷപ്പെട്ടു.സംഭവത്തിൽ പള്ളിപ്പുറം കരിച്ചാറ അൽഅമീൻ മൻസിലിൽ എ.അൽ അമീൻ (21), തോന്നയ്ക്കൽ ബ്ലൂമൗണ്ട് സ്കൂളിനു സമീപം കുഴിത്തോപ്പിൽ വീട്ടിൽ പി. പ്രവീൺ (28), തോന്നയ്ക്കൽ ഭൂദാന കോളനി സുജിൻ ഭവനിൽ എസ്. സുജിൻ (28), സഹോദരൻ സുബിൻ (29)എന്നിവരെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. ബുധൻ വൈകിട്ട് 3.30ന് ഭൂദാന കോളനിയിൽ കളിമൺ ഖനന കമ്പനിക്കു സമീപത്താണ് സംഭവം. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് അൽഅമീൻ കൈവശം കരുതിയിരുന്ന വാളു കൊണ്ട് അൽസാജിനെ ആക്രമിച്ചു . തുടർന്ന് ഷാനവാസിനെയും ആക്രമിച്ചു.ഇരുവരും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മംഗലപുരം എസ്എച്ച്ഒ സിജു കെ. എൽ നായർ, പ്രിൻസിപ്പൽ എസ്ഐ ഡി.ജെ സാലു, എഎസ്ഐമാരായ നിസാം, അനുരൂപ്, സിപിഒമാരായ സന്തോഷ്, ജിജിൻ, മനു, ജയശങ്കർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ സംഭവ ദിവസം തന്നെ പിടികൂടിയത്. അൽഅമീന് മംഗലപുരം ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. നാലുപേരെയും കോടതി റിമാൻഡ് ചെയ്തു.
