കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്കിൽ നാട്ടുകാരെ മുൾമുനയിലാക്കി വിരണ്ടോടിയ പോത്തിനെ 24 മണിക്കൂറിനു ശേഷം മയക്കു വെടിവച്ചു പിടികൂടി. ഓട്ടത്തിനിടെ രണ്ടു ബൈക്ക് നശിപ്പിക്കുകയും മറ്റൊരു വാഹനത്തിന്റെ ഗ്ലാസ് തകർക്കുകയും ചെയ്തു. ഡീസന്റ്മുക്ക് കല്ലുവിള സർവീസ് സെന്ററിന് സമീപം സുബൈറിന്റെ ഉടമസ്ഥതയിലുള്ള പോത്താണ് നാട്ടിൽ പരിഭ്രാന്തി പരത്തിയത്. രണ്ടു ദിവസം മുൻപ് കാട്ടുപുതുശ്ശേരി ചന്തയിൽ നിന്ന് 32,000 രൂപയ്ക്ക് വാങ്ങിയ പോത്തിനെ ചൊവ്വ രാവിലെ വീടിനടുത്തുള്ള കളി സ്ഥലത്തിനു സമീപം കെട്ടിയിട്ടിരുന്നു.ഉച്ചകഴിഞ്ഞ് കളിക്കാൻ എത്തിയ കുട്ടികളുടെ ബഹളം കേട്ട് നില തെറ്റിയ പോത്ത് വിരണ്ടോടി. കയർ ഊരിപ്പോയതിനാൽ പലതവണ ശ്രമിച്ചിട്ടും ആർക്കും പിടിക്കാനുമായില്ല. ബുധനാഴ്ച പുതുശ്ശേരിമുക്ക് ഡീസന്റ്മുക്ക് റോഡിൽ കയറിയ പോത്ത് ഒരു പിക്കപ്പിന്റെ ഗ്ലാസ് തകർത്തു. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളും നശിപ്പിച്ചു.പോത്തിനെ കല്ലമ്പലം ഫയർഫോഴ്സ് ടീം എത്തി മൂന്നു മണിക്കൂർ പരിശ്രമിച്ച് തളയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ കൊല്ലത്തു നിന്ന് എലിഫന്റ് സ്ക്വാഡ് എത്തിയാണ് മയക്കുവെടി വച്ചു പിടിച്ചത്. ഡോ,എസ്.അരവിന്ദ്, ഇൻസ്പെക്ടർ ആർ.അരവിന്ദ് എന്നിവരാണ് സ്ക്വാഡിലുണ്ടായിരുന്നത്.
