തിരുവനന്തപുരം: നുണകൾ കൊണ്ട് തീർത്ത തിരക്കഥയാൽ നിർമ്മിക്കപ്പെട്ട സംഘ് പരിവാറിന്റെ മുസ്ലിം വിരുദ്ധ വംശീയ സിനിമയാണ് കേരള സ്റ്റോറിയെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ലത്തീഫ് പി ഏച്ച് വയനാട്. കേരള സ്റ്റോറി: സംഘ് പരിവാറിന്റെ മുസ്ലിം വിരുദ്ധ വംശീയ പ്രചരണം കേരളത്തിന്റെ മണ്ണിൽ അനുവദിക്കില്ല എന്ന തലക്കെട്ടിൽ തിരുവനന്തപുരം ഏരീസ് പ്ലസ് തീയേറ്ററിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുവജന മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് തീയറ്ററിന് മുന്നിൽ വൻ പോലീസ് സന്നാഹത്തിൽ തടഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ യുവത്വം സംഘ് പരിവാറിന്റെ മുസ്ലിം വിരുദ്ധ വംശീയ പ്രചരണം കേരളത്തിന്റെ മണ്ണിൽ ഒരു നിലക്കും അനുവദിച്ചു കൊടുക്കില്ല. സംഘ് പരിവാർ അജണ്ടക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തികൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് അഡ്വക്കേറ്റ് അലി സവാദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സെയ്ദ് ഇബ്രാഹിം ജില്ലാ വൈസ് പ്രസിഡൻ്റ് അംജദ് റഹ്മാൻ കണിയാപുരം എന്നിവർ സംസാരിച്ചു.പ്രതിഷേധം കണക്കിലെടുത്ത് ഏരീസ് പ്ലസ് തിയേറ്റർ പരിസരത്ത് വൻ പോലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. തിയേറ്റർ ഹാളിനുള്ളിലും പോലീസുകാരെയും വിന്യസിച്ചിരുന്നു.നിശാത്, നബീൽ, നൂർഷ, ഫൈസൽ എന്നിവർ നേതൃത്വം നൽകി.

