ചിറയിൻകീഴ്: പെരുമാതുറയിൽ തെരുവുനായയുടെ അക്രമണത്തിൽ സ്ത്രീകളടക്കം എട്ടോളം പേർക്കു കടിയേറ്റു. ഇന്നലെ വൈകിട്ടു നാലുമണിയോടെ ഒറ്റപ്പന ഭാഗത്താണു സംഭവം നടന്നത്. സാരമായി പരുക്കേറ്റ സ്ഥലവാസികളായ സഫീന(40), ഹസീന(40), നദിയ(23), സൈനബ(65),നിസാർ(50), റാഫി(41),ബിലാൽ(20),നാസ്(50) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനു പുറത്തു നിൽക്കുകയായിരുന്നു ഇവരെല്ലാം . പാഞ്ഞെത്തിയ തെരുവുനായ കണ്ണിൽ കണ്ടവരെയെല്ലാം ഓടിച്ചിട്ടു കടിച്ചു. നായയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. പെരുമാതുറ തീരം കേന്ദ്രീകരിച്ചു കഴിഞ്ഞ കുറെ നാളുകളായി തെരുവുനായ്ക്കളുടെ പെരുപ്പം സ്ഥലവാസികൾക്കും വൈകുന്നേരങ്ങളിൽ മുതലപ്പൊഴി പാലത്തിലും തുറമുഖതീരത്തും സന്ദർശകരായെത്തുന്നവരെയും ഏറെ വലയ്ക്കുന്നു. പുലർച്ചെ മത്സ്യബന്ധനത്തിനെത്തുന്ന തൊഴിലാളികൾക്കും പെരുമാതുറയിൽ നിന്നു പുറത്തേക്കു മത്സ്യവിൽപനയ്ക്കു പോകുന്ന സ്ത്രീകൾക്കിടയിലും തെരുവുനായ്ക്കൾ വലിയ ഭീതി പരത്തുന്നു. കഴിഞ്ഞ രണ്ടുമാസങ്ങൾക്കിടെ ഏഴോളം പേരെ നായ്ക്കൾ ആക്രമിച്ചിരുന്നു.
