വിതുര: കളീയ്ക്കൽ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. കളീയ്ക്കൽ സ്വദേശി അനിൽ കുമാറിന്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിലെ വാഴ, തെങ്ങ് എന്നിവയും മറ്റ് ഇടവിളകളും കാട്ടാനക്കൂട്ടം ചവിട്ടി മെതിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു പേപ്പാറ കല്ലുപാറ വന മേഖലയിൽ നിന്നും കൂട്ടം എത്തിയത്. മൂന്നു ദിവസത്തിനിടെ ഇതു രണ്ടാം തവണയാണു വിതുര ഗ്രാമപ്പഞ്ചായത്തിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടാകുന്നത്.കഴിഞ്ഞ ദിവസം ഇതേ വന മേഖലയിൽ നിന്നും മാങ്കാലയിലെ ജനവാസ മേഖലയിൽ എത്തിയ കാട്ടാനക്കൂട്ടം മാങ്കാല സ്വദേശിനി ബിന്ദുവിന്റെ പുരയിടത്തിലെ കൃഷി നശിപ്പിച്ചിരുന്നു. പതിവായി മാങ്കാല, ചപ്പാത്ത്, കളീയ്ക്കൽ, തലയ്ക്കൽ, മേഖലകളിലും കല്ലുപാറ ഊരിനു സമീപവും കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യമുണ്ട്. കുട്ടികളടക്കം കൂട്ടമായി നടക്കുന്നവ ആയതിനാൽ പ്രദേശത്തു ഭീതി പരന്നിട്ടുണ്ട്.
