തിരുവനന്തപുരം: ബസ് ബൈക്കുമായി ഇടിച്ച സംഭവത്തിൽ ഒരേ കുടുംബത്തിലെ മൂന്നുപേർ മരിച്ചു. മെതുക്കുമൽ സ്വദേശി കുട്ടപ്പന്റെ മകൻ അരുൾരാജ് (30), ഭാര്യ സുബിജ (27), മകൾ അശ്വന്തിക (3) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം.അരുൾരാജും കുടുംബവും കുഴിത്തുറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പോയിട്ട് തിരികെ വീട്ടിലേക്ക് പോകുമ്പോൾ കല്ലുക്കട്ടിയിൽ വച്ച് തിരുവനന്തപുരത്തിൽ നിന്ന് നാഗർകോവിലിലേക്ക് വന്ന ബസ് അരുൾരാജിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. നാഗർകോവിൽ ദേശീയപാതയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സാണ് ഇടിച്ചത്. ബൈക്കിൽ നിന്ന് തെറിച്ചുവീണ മൂന്നുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ കളിയിക്കാവിള പൊലീസ് മൃതദേഹങ്ങൾ കൈപ്പറ്റി ഇൻക്വസ്സ്റ്റിനായി കുഴിത്തറ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.
