നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇരുമ്പിൽ ചെക്ക് പോസ്റ്റിനു സമീപം അമിത വേഗത്തിലെത്തിയ ടിപ്പർ, ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. കൊലപാതക ശ്രമമെന്നു സംശയം. അപകടത്തിൽപ്പെട്ടവർക്ക് 2 മാസം മുൻപു ടിപ്പർ ഇടിച്ചു കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട രഞ്ജിത്തുമായി ബന്ധം. മിനിയാന്ന് ഉച്ചയ്ക്കാണു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണു സംഭവം പുറത്തറിയുന്നത്.അപകടത്തിൽ സാരമായി പരുക്കേറ്റ മാരായമുട്ടം മാലകുളങ്ങര നീരാട്ടുവിള വീട്ടിൽ രഞ്ചു (34), ഇരുമ്പിൽ പൊറ്റയിൽ വീട്ടിൽ അഭിലാഷ് (38) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രഞ്ചുവിന്റെ പരുക്കു ഗുരുതരമെന്നാണു വിവരം. നെയ്യാറ്റിൻകര ഭാഗത്തു നിന്നു വന്ന ടിപ്പർ ലോറി, എതിർദിശയിൽ വരികയായിരുന്ന ബൈക്കിനെയാണ് ഇടിച്ചു തെറിപ്പിച്ചത്.ബൈക്കിനെ മനഃപൂർവം ഇടിക്കാൻ വേണ്ടി വലത്തേക്കു വെട്ടിക്കുന്നതു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം. ബൈക്കും അമിത വേഗത്തിലായിരുന്നു എന്നു ദൃക്സാക്ഷികൾ പറയുന്നു. അപകടം നടന്നയുടൻ തന്നെ നാട്ടുകാർ, പരുക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും അവിടെ നിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും എത്തിച്ചു. പൊലീസും വിവരങ്ങൾ ശേഖരിക്കുന്നതേയുള്ളൂ.കഴിഞ്ഞ ഈസ്റ്റർ ദിനത്തിലാണു (ഏപ്രിൽ 9) സമാനമായ സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ടയും ഇടവഴിക്കര ജോസ് വധക്കേസിലെ പ്രതിയുമായ തോട്ടവാരം മേലെകുഴിവിള വീട്ടിൽ രഞ്ജിത്ത് (30) കൊല്ലപ്പെട്ടത്. അന്നു കൊല്ലപ്പെട്ട ഗുണ്ട രഞ്ജിത്തും ഇപ്പോൾ അപകടത്തിൽപ്പെട്ട രഞ്ചുവും പരിചയക്കാരാണ്. ഇരുവരും മണ്ണ്, പാറ ഖനന മേഖലയിൽ ഒരുമിച്ചു പ്രവർത്തിച്ചിരുന്നവരാണ്. രഞ്ജിത്തിന്റെ അറിവോടെ 8 മാസം മുൻപു രഞ്ചുവിനെ ഒരു സംഘം ആക്രമിച്ചതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്
