വർക്കല: മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നതും പതിവാക്കിയ യുവാവ് അറസ്റ്റിൽ. വെട്ടൂർ വലയന്റെ കുഴി തൻസി മൻസിലിൽ ഷാജഹാനാണ് (45) പിടിയിലായത്. അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പേരുള്ള സ്ഥിരം കുറ്റവാളിയാണ് ഷാജഹാൻ.ഞായറാഴ്ച വൈകീട്ട് ഏഴോടെ വലയന്റെ കുഴി അയോദ്ധ്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ മുന്നിൽ സുഹൃത്തിനെയും കൂട്ടിയെത്തി വാടിവാളുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി നാട്ടുകാർ പൊലീസിന് പരാതി നൽകിയിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പ്രദേശവാസികളെ വഴിയിൽ തടഞ്ഞുനിർത്തി അശ്ലീലവും അസഭ്യവും പറയുന്നത് പതിവാണെന്നും ഏത് സമയവും ഇയാളുടെ കൈയിൽ ആയുധം ഉണ്ടാകാറുണ്ടെന്നും നാട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
