കല്ലമ്പലം: നാവായിക്കുളം മേഖലയിൽ നാലു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കവർച്ച. രണ്ട് വള,സ്വർണമാല എന്നിവ ഉൾപ്പെടെ ഒരു വീട്ടിൽ നിന്ന് 5 പവൻ കവർന്നു. നാവായിക്കുളം നൈനാംകോണം അമ്പാടിയിൽ സിന്ധുവിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് കവർച്ച. പരിസരത്തുള്ള വീടുകളിൽ മോഷണ ശ്രമവും നടന്നു.പുലർച്ചെ 2.40ന് ശേഷമാണ് സംഭവമെന്ന് നാട്ടുകാർ. സിന്ധുവിന്റെ 10 മാസം പ്രായമായ കുട്ടിയുടെ സ്വർണാഭരണങ്ങളാണ് കവർന്നത്. കുട്ടി ജനലിന് അരികിൽ ആണ് ഉറങ്ങിയിരുന്നത്. ഒരു പാളി ജനൽ കൊളുത്ത് ഇട്ടിരുന്നില്ല എന്ന് വീട്ടുകാർ പറഞ്ഞു. ഇത് തുറന്നാണ് കുട്ടിയുടെ ആഭരണങ്ങൾ കവർന്നത്.4 ദിവസം മുൻപാണ് നാവായിക്കുളം കോളനി മുക്കിൽ തയ്ക്കാവിന് ഉള്ളിൽ കടന്ന മോഷ്ടാവ് കാണിക്ക വഞ്ചി തകർത്ത് നാണയങ്ങളും ഉസ്താദിന്റെ മൊബൈൽ ഫോണും കവർന്നത്. കൂടാതെ സമീപത്തെ സ്കൂളിന് സമീപത്തെ കടയുടെ ഷട്ടറിന്റെ ലോക്ക് തകർത്ത് മേശയിൽ സൂക്ഷിച്ചിരുന്ന നാണയങ്ങൾ കവർന്നു. പുല്ലൂർമുക്കിലെ കടയിലും സമാന സംഭവം നടന്നു.കിടത്തിച്ചിറ മാടൻ നടയിൽ കയറിയ മോഷ്ടാവ് അവിടെ ഓഫിസ് മുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണമാലയും മോതിരവും കവർന്നതും ഇതേ ദിവസം. ഡീസന്റ്മുക്കിലെ സന ജ്വല്ലറിക്ക് ഉള്ളിൽ കടന്ന മോഷ്ടാവ് അവിടെ നിന്നും സ്വർണം കവർന്നു. മോഷ്ടാവിന്റേത് എന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചെങ്കിലും പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.
