കിഴുവിലം: കിഴുവിലം ഗ്രാമ പഞ്ചായത്തിലെ ആശ വർക്കർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകരുടെ യോഗം കിഴുവിലം ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് ആർ മനോന്മണിയുടെ അധ്യക്ഷതയിൽ ചേർന്നു.കിഴുവിലം ഗ്രാമ പഞ്ചായത്തിലെ 20 വാർഡുകളിലും ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ തൊഴിലുറപ്പു തൊഴിലാളികളുടെ സന്നദ്ധ സേവനവും ആശാ വർക്കർമാരുടെ സഹായത്തോടെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്യകയും കുന്നുകൂടി കിടന്ന മാലിന്യങ്ങൾ ജെ സി ബി സഹായത്തോടെപൂർണ്ണമായും നീക്കം ചെയ്യാൻ സാധിച്ചത് യോഗം വിലയിരുത്തി. ക്ലോറിനേഷനും സോഴ്സ് റീഡക്ഷനും എല്ലാ വാർഡുകളിലും പൂർത്തിയാക്കി. എന്നാൽ ചില വാർഡുകളിൽ കൂടി കടന്നു പോകുന്ന പൊതുമരാമത്തു റോഡുകളുടെ ഓടയിൽ ജലം ഒഴുകി പോകാതെ കെട്ടിക്കിടന്നു മലിനമായി രോഗാണുക്കൾ ഉണ്ടാകാവുന്ന സ്ഥിതി ഉള്ളത് പൊതുമരാമത്തു വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടു വരുന്നതിനും ഗ്രാമീണ റോഡുകളിലെ ഓടകൾ ശുചിത്വ ഫണ്ട് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനും തീരുമാനിച്ചു.കിഴുവിലം ഗ്രാമ പഞ്ചായ ത്തിന്റെ 3,5 വാർഡുകളിൽ കൂടി കടന്നു പോകുന്ന പുതിയ ബൈ പാസിന്റെ നിർമ്മാണ ഫലമായി വലിയ തോതിൽ വെള്ളം കെട്ടി കിടക്കുന്നതു സംബന്ധിച്ച ആശങ്ക എൻ.എച്ച്.എ.ഐ.അറിയിക്കുവാനും പരിഹാരം തേടാനും തീരുമാനിച്ചു.നിലവിലും ചില വ്യക്തികളും സ്ഥാപനങ്ങളും മാലിന്യങ്ങൾ. വേർതിരിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങൾ നിശ്ചിത യൂസർ ഫീ നല്കി ഹരിത കർമ്മ സേനയ്ക്ക് നൽകുന്നതിന് പകരം ഖര- ദ്രവ മാലിന്യങ്ങൾ പൊതു സ്ഥലത്തു വലിച്ചെറിഞ്ഞു ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവരോടു അത് ആവർത്തിക്കാതിരിക്കാൻ അഭ്യർഥിക്കുന്നതിനും അനുസരിക്കാത്ത പക്ഷം പൊതു ജനാരോഗ്യ നിയമ പ്രകാരവും പഞ്ചായത്തീരാജ് ആക്ട്, ഗ്രാമ പഞ്ചായത്ത് ബൈ ലോ പ്രകാരവും സത്വര നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരം കിഴുവിലം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ സർക്കാർ ഓഫീസുകളിൽ വെള്ളിയാഴ്ചയും സ്കൂളുകളിൽ ശനിയാഴ്ചയും വീടുകളിൽ ഞായറാഴ്ചയും ഡ്രൈ ഡേ പ്രവർത്തനങ്ങൾ നടത്തുന്നതിനുംകുടുംബശ്രീ, ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, റെസിഡൻസ് അസോസിയേഷൻ, വിവിധ രാഷ്ട്രീയ പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും തീരുമാനിച്ചു. പ്രസ്തുത യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ആർ ശ്രീകണ്ഠൻ നായർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ എസ് ഉൾപ്പടെയുള്ള ജന പ്രതിനിധികളും പങ്കെടുത്തു.
