നെയ്യാറ്റിൻകര : കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ്, കഞ്ചാവുമായി എക്സൈസിൻ്റെ പിടിയിലായി. കാട്ടാക്കട തൂങ്ങാംപാറ സ്വദേശി ജോയ് റോസ് എന്ന് വിളിക്കുന്ന അജിത്ത് ലാലിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്നും 1.2 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി.
കാട്ടാക്കട തൂങ്ങാൻ പാറ മാറനല്ലൂർ പ്രദേശത്ത് സ്കൂൾ, കോളേജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന പ്രധാനികളിൽ ഒരുവനാണ് പിടിയിലായ അജിത്ത് ലാലെന്ന് എക്സൈസ് പറഞ്ഞു. ഐ.ബി പ്രിവൻ്റീവ് ഓഫീസർ ഷാജു നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി ഷാജഹാൻ, പ്രിവൻ്റീവ് ഓഫീസർ ഷാജി കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണ,അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
