തിരുവനന്തപുരം: 46 തദ്ദേശ സ്ഥാപനങ്ങളിൽ തദ്ദേശ വകുപ്പിന്റെ ആഭ്യന്തര ഇന്റലിജൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ, കെട്ടിടങ്ങൾക്ക് നമ്പറും ഒക്യുപൻസി സർട്ടിഫിക്കറ്റും അനുവദിക്കുന്നതിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. അസി. എക്സിക്യൂട്ടീവ് എൻജിനീയർ അടക്കം 5 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.തിരുവനന്തപുരം കോർപറേഷന്റെ നേമം സോണൽ ഓഫിസിലെ അസി. എക്സിക്യൂട്ടീവ് എൻജിനീയർ ജോസ് എച്ച്.ജോൺ, ഓവർസിയർമാരായ പി.വി.ജിൻസി, സി.ഇ.പ്രിയ, പാലക്കാട് നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസർ സി.മനോജ് കുമാർ, തിരുവനന്തപുരം കല്ലിയൂർ പഞ്ചായത്തിലെ ഹെഡ് ക്ലാർക്ക് എം.രാജേഷ് എന്നിവർക്കാണ് സസ്പെൻഷൻ. നേമത്ത് നിർമാണ ചട്ടത്തിന്റെ ലംഘനമുള്ള കെട്ടിടങ്ങൾക്ക് അസി. എൻജിനീയറെ മറികടന്ന് ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകിയതിനാണ് അസി. എക്സിക്യൂട്ടീവ് എൻജിനീയർക്ക് സസ്പെൻഷൻ എന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. നിർമാണ ചട്ടലംഘനം മറച്ചുവച്ച് തെറ്റായ റിപ്പോർട്ടു വഴി കെട്ടിടങ്ങൾക്ക് ഒക്യുപൻസി നൽകിയതിനാണ് ഓവർസീയർമാരെ സസ്പെൻഡ് ചെയ്തത്. പാലക്കാട് നഗരസഭയിൽ ലൈസൻസിനുള്ള 2881 അപേക്ഷകൾ തീർപ്പാക്കാത്തതിനും വ്യാപാര സ്ഥാപനങ്ങളുടെ പേര് വിവരങ്ങൾ ഉള്ള ട്രേഡേഴ്സ് ലിസ്റ്റ് സൂക്ഷിക്കാത്തതിനുമാണ് ഹെൽത്ത് സൂപ്പർവൈസർക്ക് എതിരെ നടപടി. കല്ലിയൂർ പഞ്ചായത്തിൽ കെട്ടിട നിർമാണ അനുമതി, ഒക്യുപൻസി, കെട്ടിട നമ്പർ എന്നിവയ്ക്കുള്ള അപേക്ഷകളിന്മേൽ യഥാസമയം നടപടിയെടുത്തില്ലെന്നും പഴ്സനേൽ റജിസ്റ്റർ, വാഹനങ്ങളുടെ ലോഗ് ബുക്ക്, തൊഴിൽ നികുതി റജിസ്റ്റർ തുടങ്ങിയവയൊന്നും യഥാവിധി സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തി. മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് ഹെഡ് ക്ലാർക്കിന് എതിരെ നടപടി. 3 കോർപറേഷനുകൾ, 16 നഗരസഭകൾ, 25 പഞ്ചായത്തുകൾ, ഓരോ ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണു ചൊവ്വാഴ്ച പരിശോധന നടന്നത്. തദ്ദേശ പൊതു സർവീസ് രൂപീകരിച്ച്, ആഭ്യന്തര വിജിലൻസ് സംവിധാനവും നിലവിൽ വന്ന ശേഷം നടന്ന ആദ്യ മിന്നൽ പരിശോധനയായിരുന്നു. ഇന്റേണൽ വിജിലൻസ് ഓഫിസറും വിഷയ പരിജ്ഞാനമുള്ള രണ്ട് ഉദ്യോഗസ്ഥരും അടങ്ങുന്ന മൂന്നംഗ സംഘമാണു പരിശോധിച്ചത്. മറ്റു സ്ഥാപനങ്ങളിലും എല്ലാ മാസവും 2 പരിശോധന വീതം നടത്തുമെന്നും മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. .
