തിരുവനന്തപുരം: നെയ്യാറ്റിൻകര ബാലരാമപുരത്ത് വീടിന്റെ മേൽക്കൂര നിലം പതിച്ച് വീട്ടമ്മയ്ക്ക് പരിക്ക്. ബാലരാമപുരം ആലുവിള പുത്തൻവീട്ടിൽ ബിജുവിന്റെ വീടാണ് നിലംപൊത്തിയത്. ഓട് പാകിയ വീടിൻറെ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു.സംഭവ സമയം ബിജു കുമാറിന് കൂടാതെ അമ്മ വിജയമ്മ, ഭാര്യ ധന്യ രണ്ട് മക്കൾ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ശബ്ദം കേട്ട് കുടുംബാംഗങ്ങൾ പുറത്തേക്ക് ഓടിയത് കാരണം കൂടുതൽ അപകടം ഒഴിവായി. എന്നാൽ തടിക്കഷണം വീണ് ധന്യയുടെ തോളിന് പരിക്കേറ്റു.നിരവധിതവണ ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചിട്ടും വീട് ലഭിക്കാതെ ദുരിതത്തിൽ ആയിരുന്നു കുടുംബം. ചുമട്ടു തൊഴിലാളിയായ ബിജു വീടിനു വേണ്ടി നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നു. അപകടത്തെത്തുടർന്ന് വീട് താമസ യോഗ്യമല്ലാതെ ആയതോടെ അയൽ വീട്ടിൽ അഭയം തേടിയിരിക്കുകയാണ് കുടുംബം.
