തിരുവനന്തപുരം: പേട്ടയിൽ ഐഒസി മുൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ വീട് കുത്തിത്തുറന്നു 11 പവന്റെ ആഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ വീട്ടിലെ നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞു. തൊപ്പിയുള്ള ബനിയനും മാസ്ക്കും ധരിച്ച് മുഖം മറച്ച് എത്തിയ മോഷ്ടാവ് വരാന്തയിൽ കയറി ജനാല വഴി വീടിനകത്ത് നോക്കിയ ശേഷം തിരിഞ്ഞു നടക്കുമ്പോൾ ക്യാമറ കണ്ട് പിന്മാറുന്നതുമാണ് ദൃശ്യത്തിൽ. പിന്നീട് പിൻഭാഗത്തെ ജനാലയുടെ കമ്പികൾ തകർത്ത് അകത്ത് കയറിയ കള്ളൻ ക്യാമറ സിസ്റ്റം ഓഫ് ചെയ്ത ശേഷമാണ് മോഷണം നടത്തിയത്. വിരലടയാളം പതിയാതിരിക്കാൻ കയ്യുറയും ധരിച്ചിരുന്നു. കിടപ്പുമുറിയിലെ ഇരുമ്പ് അലമാര കുത്തിപ്പൊളിച്ച് ആഭരണങ്ങൾ മോഷ്ടിച്ച് അടുക്കള വാതിലിലൂടെ രക്ഷപ്പെട്ടു. ഒട്ടേറെ മോഷണങ്ങൾ നടത്തിയിട്ടുള്ള ആളാകാം പ്രതിയെന്ന് പേട്ട പൊലീസ് പറഞ്ഞു. മൂലവിളാകം ജംക്ഷനിൽ എംആർഎ ടി.സി 94/1636ൽ പ്രസാദ് മാധവ മോഹന്റെ വീട്ടിൽ ശനി രാത്രിയിലായിരുന്നു മോഷണം. വീട് കുത്തി തുറന്ന് 5.25 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങൾ കവർച്ച ചെയ്തു.6 പവന്റെ സ്വർണ താലിമാല, 2 പവൻ വീതമുള്ള 2 വള, ഒരു പവന്റെ ബ്രേസ്ലറ്റ്, 4 സെറ്റ് ഡയമണ്ട് കമ്മൽ, ഡയമണ്ട് മോതിരം തുടങ്ങിയവയാണ് നഷ്ടമായത്. ശനി ഉച്ചയ്ക്ക് വീട് പൂട്ടി പുറത്തു പോയ പ്രസാദും ഭാര്യയും ഞായറാഴ്ച ഉച്ചയ്ക്കാണ് മടങ്ങി എത്തിയത്. മുൻവശത്തെ വാതിൽ തുറന്ന് വീടിനുള്ളിൽ കയറിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്.
