കഴക്കൂട്ടം: പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കഠിനംകുളം പുതുക്കുറിച്ചി സ്വദേശികളായ സുരേഷ് ഫെർണാണ്ടസ് (56), റോബിൻ (48) ബിജു (49) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടം നടന്ന തിങ്കളാഴ്ച രാവിലെ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെ (40) അബോധാവസ്ഥയിൽ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകടം നടന്ന അന്ന് തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ ആറോടെ നാവികസേന, മറൈൻ എൻഫോഴ്സ്മെൻറ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ തിരച്ചിൽ ആരംഭിച്ചിരുന്നു. ഉച്ചക്ക് 12 ഓടെ പുലിമുട്ടിൽ കുരുങ്ങിയനിലയിൽ സുരേഷ് ഫെർണാണ്ടസിന്റെയും വൈകീട്ട് നാലോടെ പുലിമുട്ടിലെ പാറയിടുക്കിൽനിന്ന് ബിജുവിന്റെയും മൃതദേഹം കണ്ടെടുത്തു. വൈകീട്ട് അഞ്ചോടെ തിരച്ചിൽ നിർത്തി. വൈകീട്ട് ആറോടെ മുതലപ്പൊഴി ഹാർബർ ലേലപ്പുരക്ക് സമീപത്തെ കായലിൽനിന്ന് റോബിന്റെ മൃതദേഹവും കണ്ടെത്തി. കായൽക്കരയിൽ ചൂണ്ടയിടുന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൂന്നുപേരുടെയും മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി.
