ചിറയിന്‍കീഴ്: മുതലപ്പൊഴിയില്‍ മീന്‍പിടിത്തവള്ളങ്ങള്‍ മറിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ ലഘൂകരിയ്ക്കാന്‍ അഴിമുഖത്ത് ആഴക്കുറവുള്ള ഭാഗങ്ങളില്‍ ബോയകള്‍ സ്ഥാപിയ്ക്കാന്‍ തീരുമാനമായി. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് തുറമുഖ, ഫിഷറീസ് വകുപ്പ് മന്ത്രിമാരുടെ അദ്ധ്യക്ഷതയില്‍ ഇരുവകുപ്പുകളുടെ ഉദ്യോഗസ്ഥരും അദാനി തുറമുഖ കമ്പനി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കാലവര്‍ഷമായതോടെ മുതലപ്പൊഴിയില്‍ അടിയ്ക്കടിയുണ്ടാകുന്ന അപകടങ്ങള്‍ക്ക് അറുതിവരുത്താനുള്ള നടപടികളുടെ ഭാഗമായാണ് അടിയന്തര യോഗം ചേര്‍ന്നത്. മുതലപ്പൊഴിയെ അപകടരഹിതമാക്കാന്‍ അദാനി തുറമുഖ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ കാലാവധി അടുത്തവര്‍ഷം മെയ് മാസം വരെ നിലനിന്നിട്ടും ഡ്രെഡ്ജിങ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടത്താന്‍ അദാനി തുറമുഖ കമ്പനി വീഴ്ച വരുത്തിയതായി യോഗം വിലയിരുത്തി. അതിനാല്‍ ഉടനടി അഴിമുഖത്തെ പാറയും മണലും നീക്കം ചെയ്യാന്‍ തുറമുഖ കമ്പനി അധികൃതരോട് മന്ത്രിമാര്‍ ആവശ്യപ്പെട്ടു. അഴിമുഖത്ത് അഞ്ചുമീറ്റര്‍ ആഴം ഉറപ്പാക്കാനുള്ള നടപടികള്‍ എത്രയും വേഗം ആരംഭിയ്ക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. അതേസമയം ശക്തമായ കടലാക്രമണത്തിൽ പുലിമുട്ടില്‍ നിന്നും അടര്‍ന്ന കല്ലുകള്‍ നീക്കം ചെയ്യാനുള്ള ഉത്തവരാദിത്തം തങ്ങള്‍ക്കല്ല എന്ന നിലപാടിലായിരുന്നു തുറമുഖ കമ്പനി പ്രതിനിധികള്‍. എങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം അഴിമുഖത്ത് അഞ്ചുമീറ്റര്‍ ആഴം ഉറപ്പിയ്ക്കാനുള്ള ഡ്രഡ്ജിങ് പ്രവൃത്തികള്‍ അദാനി കമ്പനിതന്നെ നിര്‍വഹിക്കും. എന്നാല്‍ കാലവർഷം കാലം കഴിഞ്ഞശേഷമേ പ്രവൃത്തി ആരംഭിയ്ക്കാന്‍ നിര്‍വാഹമുള്ളുവെന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞു. അപകടങ്ങള്‍ക്ക് താല്‍ക്കാലിക ശമനം വരുത്താന്‍ അഴിമുഖത്ത് ആഴക്കുറവുള്ള ഭാഗങ്ങളില്‍ ഉടന്‍തന്നെ ബോയകള്‍ സ്ഥാപിയ്ക്കും. മീന്പിടിത്തവള്ളങ്ങള്ക്ക് ഈ ഭാഗം ഒഴിവാക്കി കടലിലേയ്ക്ക് പോകാനും വരാനും ഇതുവഴി സാധിക്കും. സെപ്റ്റംബര്‍ മാസത്തോടെ അഴിമുഖത്തെ കല്ലുനീക്കം ചെയ്യാനും മണല്‍ നീക്കി അഞ്ചുമീറ്റര്‍ ആഴം ഉറപ്പാക്കാനുമുള്ള പ്രവൃത്തി ആരംഭിയ്ക്കുമെന്ന് തുറമുഖ കമ്പനി പ്രതിനിധികള്‍ യോഗത്തില്‍ ഉറപ്പുനല്‍കി. വിഴിഞ്ഞം പദ്ധതിയ്ക്കുവേണ്ടി മുതലപ്പൊഴിയില്‍ അദാനി കമ്പനി നിര്‍മ്മിച്ച മിനി വാര്‍ഫ് പൊളിച്ചുമാറ്റാനും പുലിമുട്ടുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള സന്നദ്ധതയും കമ്പനി അധികൃതര്‍ യോഗത്തെ അറിയിച്ചു. മുതലപ്പൊഴിയെ അപകടരഹിതമാക്കാന്‍ നിലവില്‍ നടത്തുന്ന നടപടികള്‍ക്കുശേഷം പുന്നെ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷന് നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശാശ്വതമായ പരിഹാര നടപടികള്‍ മുതലപ്പൊഴിയില്‍ നടത്തുമെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സാന്‍ഡ് ബൈപ്പാസിങ് ഉള്‍പ്പെടെയുള്ളവ പരിഗണനയിലാണ്. ഈ വര്‍ഷം ഡിസംബറോടെ പഠനറിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു. മന്ത്രിമാരായ സജിച്ചെറിയാന്‍, അഹമ്മദ് ദേവര്‍കോവില്‍, തുറമുഖ ഫിഷറീസ് വകുപ്പ് സെ്രകട്ടറിമാര്, ഫിഷറീസ് ഡയറക്ടര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് ചീഫ് എന്‍ജിനീയര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, അദാനി പോര്‍ട്ട്സ് വിഴിഞ്ഞം സീ പോര്‍ട്ട് കമ്പനി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
